ഇന്ത്യൻ നേവിയുടെ കരുത്തുകൂട്ടാൻ പുതിയ യുദ്ധക്കപ്പല്‍, മഹേന്ദ്രഗിരി കമ്മീഷൻ ചെയ്തു

  • 01/09/2023

ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പല്‍ മഹേന്ദ്രഗിരി മുംബൈയില്‍ കമ്മീഷൻ ചെ‌യ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ ഭാര്യ സുദേഷ് ധൻഖറാണ് യുദ്ധക്കപ്പല്‍ ഉദ്ഘാടനം ചെയ്തത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി. മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡാണ് (എംഡിഎല്‍) ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പല്‍ മഹേന്ദ്രഗിരി നിര്‍മിച്ചത്.

മഹേന്ദ്രഗിരി ഇന്ത്യയുടെ നാവിക ശക്തിയുടെ അംബാസഡറായി മാറുമെന്നും കടലില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക അഭിമാനത്തോടെ പാറിക്കുമെന്നും ജഗ്ദീപ് ധൻകര്‍ പറഞ്ഞു. കരസേനയിലും നാവികസേനയിലും വ്യോമസേനയിലുമായി പതിനായിരത്തിലധികം സ്ത്രീകളുടെ സാന്നിധ്യമുള്ള ഇന്ത്യൻ സായുധ സേന ലിംഗസമത്വത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചെന്നും മഹേന്ദ്രഗിരി കമ്മീഷൻ ചെയ്തത് സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷയിലെ കിഴക്കൻഘട്ടത്തിലെ ഒരു പര്‍വതശിഖരത്തിന്റെ പേരാ‌യ മഹേന്ദ്രഗിരി എന്നാണ് കപ്പലിന് നല്‍കിയത്. പ്രൊജക്‌ട് 17എ ഫ്രിഗേറ്റ് സീരീസിലെ ഏഴാമത്തെ കപ്പലാണ് മഹേന്ദ്രഗിരി. സ്റ്റെല്‍ത്ത് ഫീച്ചറുകള്‍, നൂതന ആയുധങ്ങളും സെൻസറുകളും പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനങ്ങളും അടങ്ങിയിരിക്കുന്നു. നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകളുടെ 7 യുദ്ധക്കപ്പലുകളില്‍ അവസാനത്തേതാണ് മഹേന്ദ്രഗിരി.

ഇന്ത്യൻ നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈൻ ബ്യൂറോയാണ് പ്രോജക്‌ട് 17 എ കപ്പലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Related News