സാൽമിയയിൽ മദ്യ നിർമ്മാണം; രണ്ട് പ്രവാസികൾ അറസ്റ്റിൽ

  • 17/11/2023



കുവൈത്ത് സിറ്റി: സാൽമിയ മേഖലയിൽ പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിപ്പിച്ചിരുന്ന രണ്ട് വിദേശ പൗരന്മാരെ ഹവല്ലി പൊലീസ് പിടികൂടി. 126 കുപ്പി നാടൻ മദ്യവും ആയിരം ദിനാറും ഇവരിൽ നിന്ന് കണ്ടെത്തി. സാൽമിയ പ്രദേശത്ത് ഉച്ചയ്ക്ക് ശേഷം ആളുകൾ കറുത്ത ബാഗുകൾ ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് പൊലീസ് പട്രോളിംഗ് കണ്ടതാണ് നിർണായകമായത്. മിന്നൽ പരിശോധന നടത്തിയപ്പോൾ അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. 

രണ്ടുപേരും പ്രവാസികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗുകൾ പരിശോധിച്ചപ്പോൾ 126 കുപ്പി മദ്യവും ആയിരം ദിനാറിന്റെ തുകയും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അപ്പാർട്ട്‌മെന്റിൽ നാടൻ മദ്യം ഉൽപ്പാദിപ്പിച്ച് ഉപഭോക്താക്കൾക്ക് വിൽപന നടത്തിയിരുന്നതായി വ്യക്തമായത്. അറസ്റ്റിലായ സമയത്ത് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി ഇവർ മദ്യം കടത്തുകയായിരുന്നു. പിടിച്ചെടുത്ത തുക മദ്യം വിൽപ്പനയിലൂടെ ലഭിച്ചതാണെന്നും വ്യക്തമായി.

Related News