ഇത്തരം റിക്രൂട്ട് തട്ടിപ്പുകളിൽ പോയി വീഴല്ലേ...; മുന്നറിയിപ്പ് നൽകി വി​ദേശകാര്യ മന്ത്രാലയം

  • 18/12/2023



കുവൈറ്റ് സിറ്റി : വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്ന കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. രജിസ്റ്റർ ചെയ്യാത്ത റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ പ്രവർത്തനങ്ങളും രണ്ട് മുതൽ അഞ്ച് ലക്ഷം വരെ അധികമായി ഈടാക്കിയുള്ള റിക്രൂട്ട്മെന്റുകളെ കുറിച്ചും വിവരങ്ങൾ ലഭിക്കുന്നുണ്ട്.  വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെയാണ് ഇത്തരം ഏജൻസികൾ പ്രവർത്തിക്കുന്നത്. 

ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ടെക്‌സ്‌റ്റ് മെസേജ്, മറ്റ് മാധ്യമങ്ങൾ എന്നിവയിലൂടെ നിരവധി നിയമവിരുദ്ധ ഏജന്റുമാർ പ്രവർത്തിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഏജൻസികൾ അവരുടെ പ്രവർത്തന രീതികളെ കുറിച്ച് വിശദാംശങ്ങൾ നൽകാറില്ല. സാധാരണയായി വാട്ട്‌സ്ആപ്പ് വഴി മാത്രമേ ആശയവിനിമയം നടത്തുകയുള്ളൂ, ഇത് വിളിക്കുന്നയാളുടെ സ്ഥാനവും ഐഡന്റിറ്റിയും ജോലി ഓഫറിന്റെ യഥാർത്ഥതയും കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കുന്നു.

വിദേശ തൊഴിലുടമ, റിക്രൂട്ട്‌മെന്റ് ഏജന്റ്, എമിഗ്രന്റ് വർക്കർ എന്നിവർ കൃത്യമായി ഒപ്പിട്ട തൊഴിൽ കരാറിനൊപ്പം സാധുതയുള്ള ഒരു ജോലി ഓഫറുകൾ ലഭിക്കുക. തൊഴിൽ കരാറിൽ വാഗ്ദാനം ചെയ്യുന്ന ജോലിയുടെ നിബന്ധനകളും വ്യവസ്ഥകളും ശമ്പളവും മറ്റ് വേതനങ്ങളും വ്യക്തമാക്കണം എന്നാണ് വ്യവസ്ഥ. അംഗീകൃത ഏജന്റുമാർ അവരുടെ ലൈസൻസ് നമ്പർ ഓഫീസിലും, പരസ്യങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്. അംഗീകൃത ഏജൻസികളെ സംബന്ധിക്കുന്ന വിവരങ്ങൾ www.emigrate.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം ഏജന്റ് നൽകുന്ന സേവനങ്ങൾക്ക് 30,000 രൂപ+GST(18%)യിൽ കൂടുതൽ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഇതിന് രസീത് നൽകേണ്ടതാണ്. അനധികൃത റിക്രൂട്ട്മെന്റുകൾ മനുഷ്യകടത്തിനു തുല്യവും ക്രിമിനൽ കുറ്റമാണ്. വിദേശതൊഴിൽ തട്ടിപ്പുകൾക്കെതിരായ പരാതികൾക്കും അന്വേഷണങ്ങൾക്കും  വിദേശകാര്യ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തും (ഫോൺ :0471-2336625  ഇ-മെയിൽ : poetvm@mea.gov.in) കൊച്ചിയിലുമുളള ( ഫോൺ: 0484-2315400 ഇ-മെയിൽ:: poecochin@mea.gov.in) പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.  പരാതിനൽകാൻ ഓപ്പറേഷൻ ശുഭയാത്ര പദ്ധതിയും സംസ്ഥാനത്ത് നിലവിലുണ്ട്. പരാതികൾ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും അറിയിക്കാം.

Related News