കുവൈത്തിൽ സ്വകാര്യ ഫാർമസികൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തി

  • 02/01/2024



കുവൈത്ത് സിറ്റി: സ്വകാര്യ ഫാർമസികൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്താൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. സ്വകാര്യ ഫാർമസികളുടെ വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതി പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. സ്വകാര്യ മേഖലയിലെ ചില ഫാർമസികൾ സൈക്കോട്രോപിക് ഇനത്തിൽപെട്ട മരുന്നുകൾ വില്പന നടത്തുന്നതിൽ ക്രമക്കേടുകൾ വരുത്തുന്നതായി പരാതികൾ ഉയർന്നിരുന്നു, ഈ ഒരു സാഹചര്യത്തിൽകൂടിയാണ് പുതിയ തീരുമാനം.  ഫാർമസികളുടെ നില വിലയിരുത്തുന്ന ഒരു പഠനം പൂർത്തിയാകുന്നതുവരെ പുതിയ ലൈസൻസുകള്‍ അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

സ്വകാര്യ ഫാർമസികളുടെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഫാർമസ്യൂട്ടിക്കൽ ആൻഡ് ഫുഡ് കൺട്രോൾ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ നേതൃത്വത്തിൽ സ്പെഷ്യലിസ്റ്റുകളുടെ ഒരു കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. മൂന്ന് മാസത്തിനകം ഇക്കാര്യത്തിൽ ആവശ്യമായ ഫലങ്ങളും ശുപാർശകളും അടങ്ങിയ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കമ്മിറ്റിക്ക് സമയം നല്‍കും.

Related News