ഉപഭോക്തൃ ചെലവിൽ വൻ കുതിച്ചുചാട്ടം; കണക്കുകൾ പുറത്ത് വിട്ട് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്

  • 30/01/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം പൗരന്മാർക്കും താമസക്കാർക്കുമിടയിൽ ഉപഭോക്തൃ ചെലവിൽ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടായതിന്റെ കണക്കുകൾ പുറത്ത് വിട്ട് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്. രാജ്യത്തിനകത്തും പുറത്തുമുള്ള മൊത്തം ചെലവ് ശ്രദ്ധേയമായ വർധനവിന് സാക്ഷ്യം വഹിച്ചു. 3.6 ബില്യൺ ദിനാർ വർധിച്ച് റെക്കോർഡ് തുകയായ 45.79 ബില്യണിലാണ് ഈ കണക്ക് എത്തിയത്. 2022ൽ ചെലവഴിച്ച 42.18 ബില്യണുമായി താരതമ്യപ്പെടുത്തുമ്പോൾ 8.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

സെൻട്രൽ ബാങ്കിൻ്റെ കണക്കുകൾ പ്രകാരം 2023ൽ കുവൈത്തിലെ ഉപഭോക്തൃ ചെലവിൻ്റെ അളവ് ഏകദേശം 43.02 ബില്യണിലെത്തി. 2.77 ബില്യൺ അധികമായി വിദേശത്ത് ചെലവഴിച്ചു. വർഷത്തിൻ്റെ അവസാന പാദത്തിൽ കണക്കുകളിൽ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തി, ഏകദേശം 11.58 ബില്യണിലാണ് എത്തിയത്. അതേസമയം, ഉപഭോക്തൃ ചെലവുകൾ ഉയർന്നതിനൊപ്പം താമസക്കാർക്കും പ്രവാസികൾക്കും പ്രാദേശിക ബാങ്കുകൾ അനുവദിച്ച വായ്പാ സൗകര്യങ്ങൾ 1.14 ബില്യൺ ദിനാറിൻ്റെ വളർച്ച കൈവരിച്ചിട്ടുണ്ട്.

Related News