കുവൈത്തിന്റെ പോരായ്മകൾക്ക് പ്രവാസികളെ കുറ്റപ്പെടുത്തുന്നതിനെതിരെ അല്‍ ഇബ്രാഹിം

  • 11/03/2024



കുവൈത്ത് സിറ്റി: രാജ്യത്തുള്ള പല പോരായ്മകൾക്കും പ്രവാസികളെ കുറ്റപ്പെടുത്തുന്നത് സർക്കാരിൻ്റെ കെടുകാര്യസ്ഥത മറയ്ക്കാനാണെന്ന് കുവൈത്ത് ഡെമോക്രാറ്റിക് ഫോറം അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ മെഷാരി അല്‍ ഇബ്രാഹിം. സമൂഹത്തിലെ ഒരു പ്രശ്‌നമായി പ്രവാസികളെ ചിത്രീകരിക്കുന്നത് മറ്റ് പ്രശ്‌നങ്ങൾ മറയ്ക്കാൻ സൃഷ്ടിച്ച ഒരു ബലൂണാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും നമ്മൾ കണ്ടുവരുന്ന ഒരു വലതുപക്ഷ രീതിയാണിത്.

വിദേശത്ത് നിന്നുള്ള ആളുകൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ വരുന്നുവെന്ന് ആളുകളെ ഭയപ്പെടുത്താൻ വെറുതെ പറയുന്നതാണ്. ഫാമിലി, വിസിറ്റ് വിസകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെങ്കിലും, കുവൈത്തിലെ പ്രവാസി ജനസംഖ്യ സമീപ വർഷങ്ങളിൽ വർധിച്ചിരുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തോളം പ്രവാസികളാണ്. എന്നാല്‍, വർധിച്ചുവരുന്ന പ്രവാസികളുടെ എണ്ണം പൊതുസേവനങ്ങൾ തകരാനുള്ള പ്രധാന കാരണമല്ലെന്ന് അല്‍ ഇബ്രാഹിം പറഞ്ഞു. മറിച്ച് ജനസംഖ്യാ വളർച്ചയ്‌ക്കൊപ്പം ആവശ്യമായ നഗരവികസന പദ്ധതികൾ നിറവേറ്റുന്നതിൽ മുൻ സർക്കാരുകളുടെ പരാജയമാണ് പ്രതിസന്ധികളുടെ കാരണമെന്നും ഇബ്രാഹിം അഭിപ്രായപ്പെട്ടു.

Related News