കുവൈറ്റ് ഫാമിലി ടൂറിസ്റ്റ് വിസ; പ്രവാസികൾക്ക് ആശ്വാസമാകുന്ന ഭേദഗതി ഉടൻ

  • 15/03/2024

 

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ഫാമിലി, കൊമേഴ്‌സ്യൽ, ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നിയമങ്ങളിൽ ചില ഭേദഗതികൾ അവലോകനം ചെയ്യാനും അവതരിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. ഭേദഗതികൾ ഈ വർഷം ജൂണിൽ പ്രഖ്യാപിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ പഠനത്തെ തുടർന്നാണ് വ്യവസ്ഥകൾ അവലോകനം ചെയ്യാനുള്ള തീരുമാനമെടുത്തത്. രാജ്യം ഫാമിലി വിസ  പദ്ധതി സർക്കാർ പ്രഖ്യാപിച്ച് ഇപ്പോൾ ഒരു മാസം പിന്നിട്ടുണ്ട്.

ചില നിർബന്ധിത വ്യവസ്ഥകൾ ഉണ്ടെങ്കിലും തീരുമാനത്തിലെ ഭേദഗതി മിക്കവാറും അടുത്ത ജൂണിനു മുമ്പായി പുറപ്പെടുവിക്കുമെന്നും വിസ സംബന്ധിച്ച തീരുമാനം സർക്കാർ ഉറപ്പായും നടപ്പാക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. താമസക്കാർക്കുള്ള സൗകര്യവും പിന്തുണയും ഉറപ്പാക്കുന്നത് കൂടാതെ രാജ്യത്തെ വാണിജ്യ, ടൂറിസം മേഖലകളുടെ പുനരുജ്ജീവനവും ഉൾപ്പെടെയുള്ള വശങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. 

ഫാമിലി വിസിറ്റ് വിസകളിലെ ശമ്പള വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് ഭേദഗതികൾ വരുത്തുന്നത്. നിലവിൽ പിതാവ്, അമ്മ, ഭാര്യ, കുട്ടികൾ എന്നിവർക്ക് വിസ അനുവദിക്കുമ്പോൾ രക്ഷിതാവിന്റെ ശമ്പളം 400 കുവൈത്തി ദിനാറിൽ കുറവായിരിക്കരുത്. കൂടാതെ ബാക്കിയുള്ള ബന്ധുക്കൾക്ക് വിസ അനുവദിക്കണമെങ്കിൽ 800 ദിനാറിൽ കുറയാത്ത ശമ്പളം ആവശ്യമാണ്. ഈ ശമ്പള വ്യവസ്ഥയെ കുറിച്ച് ചില പരാതികൾ ഇതിനകം ഉയർന്നിട്ടുണ്ട്.

Related News