വിദ്യാർഥികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ തീവ്രവാദ സംഘനകൾ നടത്തുന്നു; മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 20/03/2024


കുവൈത്ത് സിറ്റി: സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും അവരെ തീവ്രവാദ ചിന്തകളിൽ നിന്ന് സുരക്ഷിതരാക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തോട് നിർദേശിച്ച് ആഭ്യന്തര മന്ത്രാലയം. നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട ക്ലിപ്പുകളും പ്രസിദ്ധീകരണങ്ങളും പ്രചരിപ്പിച്ച് നിരവധി സ്‌കൂൾ വിദ്യാർത്ഥികലെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പ്രലോഭിപ്പിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അഭ്യർത്ഥന. 

അവരെ റിക്രൂട്ട് ചെയ്യാനും എളുപ്പത്തിൽ സ്വാധീനിക്കാനും തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കാനും ശ്രമിക്കുന്നവരെ തടയണം. ഈ കാര്യത്തിൻ്റെ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകി ബോധവത്കരണം നടത്തണം. തീവ്രവാദ ചിന്തകളിൽ നിന്ന് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏത് സംഭവവും പൂർണ്ണമായ രഹസ്യാത്മകതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികൾക്കിടയിൽ തീവ്രവാദ ഉള്ളടക്കവുമായി ബന്ധപ്പെട്ടതോ നിരോധിത ഭീകര സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതോ ആയ എന്തെങ്കിലും പ്രവർത്തനം നിരീക്ഷിക്കുന്ന സാഹചര്യത്തിൽ അത് ഉടനടി റിപ്പോർട്ട് ചെയ്യാനാണ് നിർദേശം.

Related News