അറബ് ലോകത്ത് കുവൈറ്റ് ഒന്നാമത്; ആഗോളതലത്തിൽ 13-ാം സ്ഥാനത്ത്

  • 21/03/2024



കുവൈത്ത് സിറ്റി: വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ അറബ് ലോകത്ത് കുവൈത്ത് ഒന്നാം സ്ഥാനത്ത് എത്തി. ആഗോളതലത്തിൽ 13-ാം സ്ഥാനത്താണ് കുവൈത്ത് ഉള്ളത്. അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ചയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. 143 രാജ്യങ്ങളെ ഉൾക്കൊള്ളുകയും 2021 മുതൽ 2023 വരെയുള്ള ഡാറ്റ വിശകലനം ചെയ്യുകയും ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. താമസക്കാരുടെ ജീവിതത്തിൻ്റെ വസ്തുനിഷ്ഠമായ വിലയിരുത്തൽ നടത്തിയാണ് റാങ്കിം​ഗ് തീരുമാനിച്ചത്.

കൂടാതെ, സാമൂഹിക പിന്തുണ, വരുമാനം, സ്വാതന്ത്ര്യം, അഴിമതിയുടെ അഭാവം എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ വിലയിരുത്തി. കുവൈത്തിന് പിന്നാലെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറബ് ലോകത്ത് രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 22-ാം സ്ഥാനവും നേടിയപ്പോൾ സൗദി അറേബ്യ പ്രാദേശികമായി മൂന്നാം സ്ഥാനവും ആഗോളതലത്തിൽ 28-ാം സ്ഥാനവും നേടി. യുണൈറ്റഡ് സ്റ്റേറ്റ്സ് ആദ്യ പത്ത് സ്ഥാനങ്ങളിൽ നിന്ന് പുറത്തായി എന്നുള്ളതാണ് ശ്രദ്ധേയം. ആഗോളതലത്തിൽ 23-ാം സ്ഥാനത്താണ് യുഎസ്. യുകെ 20-ാം സ്ഥാനത്താണ്.

Related News