ഫോൺ ബില്ലടയ്ക്കാൻ കയറിയത് വ്യാജ വെബ്സൈറ്റിൽ; ഓൺലൈൻ തട്ടിപ്പിൽ പ്രവാസിക്ക് സമ്പാദ്യം മുഴുവൻ നഷ്ടമായി

  • 27/03/2024



കുവൈത്ത് സിറ്റി: ഫോൺ ബില്ലടയ്ക്കാൻ വ്യാജ വെബ്‌സൈറ്റുകളിലൊന്നിൽ പ്രവേശിച്ചതോടെ പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് കണ്ണടച്ച് തുറക്കുന്ന സമയത്ത് നഷ്ടമായത് 2,750 ദിനാർ. ഈജിപ്ഷ്യൻ പൗരനായ സയിദ് അബ്ദെൽ ഹക്കീം ആണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഗൂഗിളിൽ തന്റെ ഫോൺ ബിൽ തുകയായ 50 ദിനാർ അടയ്ക്കുന്നതിനായി കമ്പനിയുടെ വെബ്‌സൈറ്റ് സെർച്ച് ചെയ്യുകയായിരുന്നുവെന്നാണ് പ്രവാസി പറയുന്നത്. 

കമ്പനിയുടെ വെബ്സൈറ്റിന് സമാനമായ ആദ്യത്തെ സെർച്ച് ഓപ്ഷനിൽ തന്നെയാണ് പ്രവേശിച്ചത്. ലോ​ഗോയും നിറങ്ങളുമെല്ലാം അതുപോലെ തന്നെയായിരന്നു. ഫോൺ ബിൽ അടയ്ക്കുന്നതിനായി ഡെബിറ്റ് കാർഡിലെ വിവരങ്ങളാണ് ചോദിച്ചത്. ഇത് നൽകിയതോടെ ഒടിപിയും വന്നു. ഇത് നൽകിയതോടെ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 2750 ദിനാറും പിൻവലിക്കപ്പെട്ടതായുള്ള സന്ദേശമാണ് ലഭിച്ചത്. രണ്ട് വർഷത്തിന് ശേഷം നാട്ടിൽ പോകാനും ഭാര്യയെയും മകനെയും കാണാനായി മാറ്റിവെച്ച തുകയാണ് നഷ്ടപ്പെട്ടതെന്നും പ്രവാസി പറഞ്ഞു. ബാങ്കിൽ വിളിച്ച് അക്കൗണ്ട് സസ്പെൻഡ് ചെയ്തതായും സയിദ് അബ്ദെൽ ഹക്കീം കൂട്ടിച്ചേർത്തു.

Related News