മാസ്ക്ക് ധരിച്ച് മോഷണം; 40ഓളം കേസുകളിലെ പ്രതി ഒടുവിൽ ഹവല്ലിയിൽ അറസ്റ്റിൽ

  • 05/04/2024

‌‌


കുവൈത്ത് സിറ്റി: ഏകദേശം രണ്ട് വർഷത്തോളമുള്ള തിരച്ചിലിനൊടുവിൽ മോഷ്ടാവിനെ കുടുക്കി ക്രിമിനൽ സെക്യൂരിറ്റി വിഭാഗം. റെസിഡൻഷ്യൽ അപ്പാർട്ടുമെൻ്റുകളിൽ നിന്നുള്ള മോഷണങ്ങൾ, തുറസ്സായ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ടയറുകൾ, പവർ ജനറേറ്ററുകൾ, ക്യാമ്പുകളിൽ നിന്നുള്ള വീട്ടുപകരണങ്ങൾ എന്നിവ മോഷ്ടിക്കാൻ വൈദഗ്ദ്ധ്യം നേടിയ മോഷ്‌ടാവാണ് അറസ്റ്റിലായത്. കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലായി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 40 ആയിക്കഴിഞ്ഞിരുന്നു.
ഹവല്ലിയിൽ വെച്ചാണ് കുറ്റവാളിയെ ഡിറ്റക്ടീവുകൾ പിടികൂടിയത്. 1989-ൽ ജനിച്ച ഇയാൾ അനധികൃതമായാണ് രാജ്യത്ത് തങ്ങുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഹവല്ലി, സൽവ പ്രദേശങ്ങളിൽ മുമ്പ് രേഖപ്പെടുത്തിയ നിരവധി കുറ്റകൃത്യങ്ങൾ താനാണ് ചെയ്തതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഹവല്ലി ഗവർണറേറ്റിൽ വാഹന ടയറുകളും ഗ്യാസ് സിലിണ്ടറുകളും ഉൾപ്പെടെയുള്ള മോഷണക്കേസുകൾ വർധിച്ചതിനെത്തുടർന്ന് മോഷ്ടാവിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. ഇരുട്ടിൻ്റെ മറവിൽ മുഖംമൂടി ധരിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.

Related News