ഈദ് അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസം, റെസിഡൻസി ഇടപാടുകൾക്കായി എത്തിയത് ആയിരക്കണക്കിന് പ്രവാസികൾ

  • 11/04/2024


കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിൽ അനുഭവപ്പെട്ടത് വലിയ തിരക്ക്. പ്രത്യേകിച്ച് റെസിഡൻസി അഫയേഴ്‌സ് ജനറൽ ഡിപ്പാർട്ട്‌മെന്റിലാണ് നിരവധി പേർ എത്തിയത്. ഇടപാടുകൾ പൂർത്തിയാക്കാൻ റെസിഡൻസി ആൻഡ് നാഷണാലിറ്റി അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി നിർദേശങ്ങളും നൽകിയിരുന്നു.

ഫർവാനിയ ഗവർണറേറ്റ് റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് മാത്രം 1,200 ഇടപാടുകൾ പൂർത്തിയാക്കി. അപേക്ഷ സമർപ്പിക്കാനെത്തിയ പ്രവാസികളുടെ നീണ്ട നിര അധികൃതരെയും അമ്പരപ്പിച്ചു. വൻ ജനക്കൂട്ടത്തെ പരി​ഗണിച്ച് ഇടപാടുകൾ സുഗമമായി നടത്തുന്നതിന് പദ്ധതി നടപ്പാക്കുന്നതിന് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അദീബ് അൽ സുവൈദാൻ നേതൃത്വം നൽകി. അടിയന്തരമായി ഇടപാടുകൾ നടത്തേണ്ടത് ആവശ്യമില്ലാത്തവോട് അവധിക്ക് ശേഷം തിരികെയെത്താൻ വകുപ്പ് നിർദേശം നൽകി. പരിമിതമായ എണ്ണം വാണിജ്യ, കുടുംബ സന്ദർശന വിസ ഇടപാടുകൾക്കും അപേക്ഷകൾ ലഭിച്ചു.

Related News