കടൽ മാര്‍ഗം ലഹരിമരുന്നും കഞ്ചാവും കടത്താൻ ശ്രമം; കുവൈത്തിൽ രണ്ട് പേര്‍ അറസ്റ്റിൽ

  • 22/06/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം ഊർജിതമാക്കി. ബന്ധപ്പെട്ട സുരക്ഷാ അതോറിറ്റികൾ സഹകരണത്തോടെ ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നത്. അടുത്തിടെ നടന്ന ഒരു ഓപ്പറേഷനിൽ, കോസ്റ്റ് ഗാർഡിന്‍റെ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ, ഏകദേശം 40 കിലോഗ്രാം കഞ്ചാവും 2,000 ക്യാപ്റ്റഗൺ ഗുളികകളും കടൽ മാര്‍ഗം കടത്താനുള്ള ശ്രമം വിജയകരമായി പരാജയപ്പെടുത്തി.

രണ്ട് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യും. അവർക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മയക്കുമരുന്ന് വിൽപ്പനക്കാരെയും കള്ളക്കടത്തുകാരെയും നേരിടുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. സുരക്ഷാ സേനയുമായി സഹകരിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി ഫോൺ നമ്പറിലോ (112) ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ ഹോട്ട്‌ലൈനായ 1884141 എന്ന നമ്പരിലോ വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related News