പ്രതിഷേധ ജ്വാലയുയർത്തി വഖഫ് ഭേദഗതി ബില്ലിനെതിരെ കെഎംസിസി പ്രതിഷേധ സംഗമം

  • 12/04/2025


കുവൈത്ത് സിറ്റി: ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധാഗ്നി ഉയർത്തി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം പ്രവാസിസമൂഹത്തിന്റെ ഉറച്ച ശബ്ദമായി. കുവൈത്തിലെ മുഖ്യധാര സംഘടനകളെ പങ്കെടുപ്പിച്ചു അബ്ബാസിയ യുണൈറ്റഡ് സ്കൂളിൽ നടന്ന പരിപാടി ശ്രദ്ധേയമായി. ഗാന്ധിയിൽ നിന്നും സവർക്കരിലേക്കുള്ള ദൂരം കുറയുകയാണെന്നും ഫാസിസത്തിന്റെ കരാള ഹസ്തങ്ങളിലേക്ക് ഭാരതം കൂപ്പുകുത്തുകയാണെന്നും പ്രതിഷേധ സംഗമം ഓർമ്മപ്പെടുത്തി. മുസ്ലികളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാസ്‌കാരികമായും കീഴ്പ്പെടുത്തുകയാണ് ഈ ബില്ലിലൂടെ ബിജെപി സർക്കാർ ലക്ഷ്യമിടുന്നത്. മറ്റു മത സമുദായങ്ങളിലേക്കും പിന്നാക്കജനാവിഭാഗങ്ങളിലേക്കും അവർ കടന്നു വരാനിരിക്കുന്നതിന്റെ ഉദാഹരണമാണ് ക്രിസ്ത്യൻ സാമ്പത്തിന്റെ കണക്കെടുത്ത ഓർഗനൈസറിലൂടെ കണ്ടത്. ജനാധിപത്യ രീതിയിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും ഒറ്റക്കെട്ടായി ഇത്തരം ജനാധിപത്യ ധ്വംസനങ്ങളെ ചെറുക്കണമെന്നും യോഗം പ്രമേയേത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ അസീസ് തിക്കോടിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമം കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാറൂഖ്‌ ഹമദാനി വിഷയാവതരണം നടത്തി. മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്‌ വി.പി ഇബ്രാഹിം കുട്ടി, കെ എം സി സി ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് ആശംസകൾ നേർന്നു. മാത്യു(കല), പി.എൻ.അബ്ദുറഹിമാൻ(കേരള ഇസ്‌ലാഹി സെന്റർ), അൻവർ സയീദ്(കെ.ഐ.ജി), സുരേഷ് മാത്തൂർ (ഒ.ഐ.സി.സി), അബ്ദുറഹീം ഹസനി (കേരള ഇസ്ലാമിക് സെന്റർ ) അബ്ദുനാസർ മുട്ടിൽ (ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), ഒപി ഷറഫുദ്ദീൻ(കെ.കെ.എം.എ), അബ്ദുൽ ഹമീദ് (ഹുദ സെന്റർ) അബ്ദുള്ള വടകര(ഐ.സി.എഫ് ),തുടങ്ങിയവർ പങ്കെടുത്തു . സാദിഖ് ടി വി പ്രമേയം അവതരിപ്പിച്ചു ജാഫർ തറോൽ ഖിറാഅത്ത് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി ശരീഖ് നന്തി നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ ഗഫൂർ അത്തോളി, അലി അക്ബർ നേതൃത്വം നൽകി.

Related News