അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയുടെ വസതിയില്‍; ആര്‍എസ്‌എസ് മേധാവിയുടേത് അപൂര്‍വ സന്ദര്‍ശനം

  • 29/04/2025

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സായുധ സേനാ മേധാവികള്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിന് മോദി അധ്യക്ഷത വഹിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. മോഹന്‍ ഭാഗവതുമായുള്ള മോദിയുടെ കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തതായി സൂചനയുണ്ട്.

ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന് ശക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ, പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു മോഹന്‍ ഭാഗവതും മോദിയും ആശയവിനിമയം നടത്തിയത്. ഭരണകക്ഷിയായ ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായാണ് ആര്‍എസ്‌എസിനെ കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ പ്രാധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളത് ചുരുക്കം ചില അവസരങ്ങളില്‍ മാത്രമാണ്. ഭീകരാക്രമണത്തിനുശേഷം വ്യാപകമായി ഭീകരവിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

Related News