കുവൈത്ത് കെഎംസിസി ചാമ്പ്യൻസ് കപ്പ്‌; കുന്ദമംഗലം ജേതാക്കളായി

  • 02/06/2025



കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ 16 മണ്ഡലം കമ്മിറ്റി ടീമുകളെ പങ്കെടുപ്പിച്ചു സബാഹിയയിലെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിൽ നടത്തിയ ചാമ്പ്യൻസ് കപ്പ്‌ 2025 സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനലിൽ കല്യാശ്ശേരി മണ്ഡലം ടീമിനെ ടൈ-ബ്രേക്കറിൽ മറി കടന്നാണ് കുന്ദമംഗലം മണ്ഡലം പ്രഥമ കെ.എം.സി.സി. ചാമ്പ്യൻസ് കപ്പിൽ മുത്തമിട്ടത്. ആവേശം തിരതല്ലിയ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും നിശ്ചിത സമയത്ത് ഗോൾ കണ്ടെത്താനാവാതെ വരികയായിരുന്നു. തുടർന്ന് ഷൂട്ട്‌ ഔട്ടിലൂടെയാണ് ജേതാക്കളെ നിർണ്ണയിച്ചത്.

വള്ളിക്കുന്നു മണ്ഡലത്തെ ഷൂട്ട്‌ ഔട്ടിൽ പരാജയപ്പെടുത്തി ബാലുശ്ശേരി മണ്ഡലം മൂന്നാം സ്ഥാനക്കാരായി.
മങ്കട, കാഞ്ഞങ്ങാട്, കൊയിലാണ്ടി, കോട്ടക്കൽ, തൃക്കരിപ്പൂർ, തവനൂർ, തൃത്താല, തളിപ്പറമ്പ, കാസർഗോഡ്, കൊടുവള്ളി, കണ്ണൂർ & ധർമ്മടം, ബേപ്പൂർ എന്നീ മണ്ഡലങ്ങളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകൾ.

ശ്രീ ഹരി (കുന്നമംഗലം) - മികച്ച കളിക്കാരൻ, അമീസ് (കുന്ദമംഗലം)- മികച്ച ഗോൾകീപ്പർ, നിധിൻ (കല്യാശ്ശേരി )- ടോപ് സ്കോറർ, ബിനു (കല്യാശ്ശേരി) - മികച്ച ഡിഫെൻഡർ എന്നിവർ ടൂർണ്ണമെന്റിൽ ഏർപ്പെടുത്തിയ മികച്ച പ്രകടനങ്ങൾക്കുള്ള അവാർഡുകൾക്ക് അർഹരായി. കുവൈത്ത് കെ.എം.സി.സി സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികൾ, സ്പോർട്സ് വിംഗ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ആക്റ്റിംഗ് പ്രസിഡന്റ്‌ റഊഫ് മഷ്ഹൂർ, ജനറൽ സെക്രട്ടറി മുസ്തഫ കാരി എന്നിവർ ടൂർണ്ണമെന്റിന്റെ കിക്കോഫ് നിർവ്വഹിച്ചു. കെ.എം.സി.സി. വൈറ്റ് ഗാർഡ് അംഗങ്ങൾ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് നടത്തി, കെ.എം.സി.സി. ക്ക് കീഴിലുള്ള മെഡിക്കൽ വിങ്ങിന്റെ പ്രഥമ ശുശ്രൂഷാ സേവനവും ഗ്രൗണ്ടിൽ ലഭ്യമായിരുന്നു. 

മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, ലുലു എക്സ്ചേഞ്ച് പ്രതിനിധി ശഫാസ് അഹമ്മദ്, അൽ അൻസാരി എക്സ്ചേഞ്ച് പ്രധിനിധി അബ്ദുറഹിമാൻ, കെ.എം.സി.സി. സംസ്ഥാന ഭാരവാഹികളായ ഫാറൂഖ് ഹമദാനി, ഡോ: മുഹമ്മദ് അലി, ഫാസിൽ കൊല്ലം, ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, ഉപദേശക സമിതി അംഗം കെ.കെ.പി. ഉമ്മർകുട്ടി, കെ.എംസി.സി. സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ എന്നിവർ വിജയികൾക്കുള്ള മെഡലുകളും, ട്രോഫികളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു. സ്‌പോർട്സ് വിംഗ് ജനറൽ കൺവീനർ ഷമീദ് മമ്മാക്കുന്ന്, വൈസ് ചെയർമാൻ മൻസൂർ കുന്നത്തേരി,സ് പോർട്സ് വിംഗ് അംഗങ്ങളായ നൗഷാദ്, ഷാജഹാൻ, ഫാറൂഖ് എം.കെ, ഫൈസൽ, അമീർ അലി, മുജീബ് ചേകന്നൂർ, സലീം.വി.കെ., അൻസാർ തൃത്താല എന്നിവർ ടൂർണ്ണമെന്റിന് നേതൃത്വം നൽകി.

Related News