ഇബ്രാഹിം നബിയും, ഹാജറ ബീവിയും, മകൻ ഇസ്മായിൽ നബിയും ത്യാഗ പൂർണ്ണമായ ദൈവീക സമർപ്പണത്തിന്റ ഉത്തമ മാതൃക. ഹുദാ സെന്റർ ഈദ് ഗാഹ് മുസല്ല

  • 06/06/2025



കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ (കെ എൻ എം) ബലിപ്പെരുന്നാളിന് ഈദ് ഗാഹ് മുസല്ല സംഘടിപ്പിച്ചു. മംഗഫ് ബ്ലോക്ക്‌ 4 സമീപമുള്ള ബീച് ഏരിയയിലും, ഫർവാനിയ ബൈലിംഗ്വൽ സ്കൂൾ ഗ്രൗണ്ടിലുമായി പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹ് മുസ്വല്ലയിൽ നടന്ന ഈദ് നമസ്‌കാരത്തിന് യഥാക്രമം വീരാൻ കുട്ടി സ്വലാഹി, അഹമ്മദ് പൊറ്റയിൽ എന്നിവർ നേതൃത്വം നൽകി. ഈദിന്റെ ഈ സന്തോഷസുദിനങ്ങളിൽ പ്രവാചകൻ ഇബ്രാഹിം നബിയുടെ തൗഹീദിനു വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ നിന്നും ആത്മ തർപ്പണത്തിൽ നിന്നും മാതൃക ഉൾക്കൊള്ളുവാനും ധാരാളമായി ദൈവ പ്രകീർത്തനങ്ങൾ നടത്തുവാനും ഇമാമുമാർ വിശ്വാസികളെ ഉൽബോധിപ്പിച്ചു. ലോകത്തെമ്പാടുമുള്ള കഷ്ടതയനുഭവിക്കുന്ന നമ്മുടെ സഹോദരന്മാർക്ക് വേണ്ടിയും, ജൂതപ്പട്ടാളത്തിന്റെ ക്രൂരതക്കു ഇരയാവുന്ന ഗാസ്സയിലെ പിഞ്ചുമക്കൾക്കും സഹോദരി സഹോദരന്മാർക്കും വേണ്ടി പ്രാർത്ഥിക്കാനും വിശ്വാസികളോട് ആഹ്വാനം ചെയ്തു. പുതു തലമുറയെ കാർന്നു തിന്നുന്ന എല്ലാത്തരം ലഹരി മരുന്നിനെതിരെയും ജാഗ്രത പാലിക്കാനും അറ്റു പോയ സാഹോദര്യ ബന്ധങ്ങളുടെ കണ്ണി ചേർക്കുവാനും സാമൂഹിക ബന്ധങ്ങൾ കാത്തു സൂക്ഷിക്കുവാനും വിശ്വാസികൾ പ്രതിജ്ഞാ ബദ്ധരാകണം എന്ന് അവർ ഉണർത്തി. പുലർച്ചെ 5:03 ന് ആരംഭിച്ച 
പെരുന്നാൾ നമസ്‌കാരത്തിലും തുടർന്ന് നടന്ന ഖുതുബ പ്രസംഗത്തിലും ധാരാളം വിശ്വാസികളും കുടുംബങ്ങളും പങ്കെടുത്തു. നമസ്ക്കാര ശേഷം പരസ്പര ആശ്ലേഷണങ്ങളും, ആശംസകൾ കൈമാറലും മധുര പലഹാര വിതരണവും നടന്നു.
പെരുന്നാൾ പിറ്റേന്ന് (ശനി) കുവൈത്ത് ദജീജിലുള്ള മെട്രോ കോർപ്പറേറ്റ് ഹാളിൽ ഹുദാ സെന്റർ കെ എൻ എം സംഘടിപ്പിക്കുന്ന ഈദ് സോഷ്യൽ മീറ്റിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അറിയിച്ചു. വൈകിട്ട് 5 മണി മുതൽ 9 വരെയാണ് പരിപാടി നടക്കുന്നത്. ഈദിന്റെ ഈ ഉല്ലാസവേളയിൽ എല്ലാ വിശ്വസിക്കൾക്കും ഹുദാ സെന്റർ ബലി പെരുന്നാൾ ആശംസകൾ നേർന്നു.

Related News