ജൂൺ 20 നു ശേഷം ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർ കോവിഡ് ടെസ്റ്റ് നടത്തണമെന്ന തീരുമാനം പിൻവലിക്കുക

  • 13/06/2020

കുവൈത്ത്‌ : വിദേശ രാജ്യങ്ങളിൽ നിന്നും ജൂൺ 20 മുതൽ കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൊണ്ടുവരമെന്ന കേരള സർക്കാരിന്റെ പുതിയ ഉത്തരവ് അടിയന്തിര പ്രാബല്യത്തോടെ പിൻവലിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ കേരള മുഖ്യമന്ത്രിക്കും, നോർക്ക അധികൃതർക്കും അയച്ച നിവേദത്തിലൂടെ ആവശ്യപ്പെട്ടു.

തൊഴിലും വരുമാനവുമില്ലാതെ മാസങ്ങളായി ക്ലേശകരമായ ജീവിതം നയിക്കുന്ന പ്രവാസികളാണ് എത്രയും വേഗം സ്വന്തം നാട്ടിലും വീട്ടിലും എത്തിപ്പെടാൻ ശ്രമിക്കുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളുടെ അപര്യാപ്തത കൊണ്ടാണ് സാമൂഹിക സംഘടനകളുടെ നേതൃത്വത്തിലും, ട്രാവൽ ഏജൻസികളുടെ നേതൃത്വത്തിലും വിമാനങ്ങൾ ചാർട്ടർ ചെയ്ത് ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കുവാൻ ശ്രമിക്കുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിൽ യാത്രചെയ്യുന്നവരും ചാർട്ടേർഡ് വിമാനങ്ങളിൽ യാത്രചെയ്യുന്നവരും ഒരേ സാഹചര്യത്തിൽ നിന്നും വരുന്നവരാണ്. എന്നാൽ ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർ മാത്രം കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പറയുന്നത് വിവേചനമാണ്. വിദേശ രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുള്ളതിനാൽ പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ടുളവാക്കുന്ന ഈ തീരുമാനം സർക്കാർ അടിയന്തിരമായി പിൻവലിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ നിവേദനത്തിലൂടെ കേരള സർക്കാരിനോടും നോർക്ക അധികൃതരോടും ആവശ്യപ്പെട്ടതായി പ്രസിഡന്റ് ബിജു ആന്റണി, ജന. സെക്രട്ടറി സലിം എം.എൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Related News