കേന്ദ്ര കൃഷി മന്ത്രി സംസ്ഥാന കൃഷി മന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറണ്‍സിങ്ങിന്റെ തീരുമാനങ്ങൾ സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളെ അറിയിച്ചു

  • 10/04/2020

കേന്ദ്ര കൃഷി മന്ത്രി സംസ്ഥാന കൃഷി മന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറണ്‍സിങ്ങിന്റെ തുടർച്ചയായി കേന്ദ്രം കൈകൊണ്ട തീരുമാനങ്ങൾ സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളെ അറിയിച്ചു

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ കൃഷി മന്ത്രിമാരുമായും കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്രസിംങ് തോമര്‍ വിഡിയോ കോണ്‍ഫറണ്‍സിംങ് നടത്തി. കോവിഡ് 19 മഹാമാരിയുടെ വെളിച്ചത്തില്‍ അതതു മേഖലകളിലെയും സംസ്ഥാനങ്ങളിലെയും കര്‍ഷകരും കാര്‍ഷിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിഡിയോ കോണ്‍ഫറണ്‍സിംങ്ങില്‍ ചര്‍ച്ച ചെയ്തത്. ചർച്ചയുടെ തുടർച്ചയെന്നോണം ഗവണ്‍മെന്റ് താഴെ പറയുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും അവ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അറിയിക്കുകയും ചെയ്തു:

  • താങ്ങുവില പദ്ധതി (PSS) പ്രകാരം താങ്ങുവിലയ്ക്ക് പയര് വർഗ്ഗങ്ങളും എണ്ണ കുരുക്കളും സംഭരിക്കാനുള്ള തിയതി അതത് സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാവുന്നതാണ് എന്ന് ഗവണ്‍മെന്റു തീരുമാനിച്ചു. സംഭരണം അടുത്ത 90 ദിവസത്തേയ്ക്കു തുടരണം.

*വേഗം കേടാകുന്ന കാര്‍ഷിക ഉത്പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയ്ക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിന് വിപണിയില്‍ ഇടപടേണ്ട പദ്ധതിയുടെ വിശദാംശങ്ങള്‍ കൃഷി സഹകരണ കര്‍ഷകക്ഷേമ വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കിയിട്ടുണ്ട്. ഉത്പാദന ചെലവിന്റെ 50 ശതമാനം (വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 75 ശതമാനം) കേന്ദ്ര ഗവണ്‍മെന്റ് വഹിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ മാര്‍ഗ്ഗരേഖ ഇന്ന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയിട്ടുണ്ട്.

മറ്റ് മുന്നേറ്റങ്ങള്‍:

  • പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ (PM-KISAN) കീഴില്‍ ഇതുവരെ 15,842 കോടി രൂപ വിതരണം ചെയ്തു. ലോക് ഡൗണ്‍ കാലഘട്ടമായ 2020 മാര്‍ച്ച് 24 മുതല്‍ ഏകദേശം 7.92 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
  • സംസ്ഥാന കാര്‍ഷികോത്പ്പന്ന വിപണന കമ്മിറ്റി നിയമത്തിലെ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തി കൊണ്ട് കൃഷിക്കാരില്‍ നിന്നും കര്‍ഷക കൂട്ടായ്മാകളില്‍ നിന്നും അവരുടെ സഹകരണ സംഘങ്ങളില്‍ നിന്നും ഉത്പ്പന്നങ്ങള്‍ നേരിട്ടു വാങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ മൊത്ത കച്ചവടക്കാര്‍ക്കും, വലിയ വ്യാപാരികള്‍ക്കും, സംസ്‌കരണ കമ്പനികള്‍ക്കും ലഭ്യമാക്കുന്നതനുള്ള നിര്‍ദ്ദേശങ്ങള്‍ 2020 ഏപ്രില്‍ 4 ന് സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ ഗവണ്‍മെന്റുകള്‍ക്ക് നല്കി.
  • അവശ്യസാധനങ്ങളുടെ വിതരണത്തിനായി റെയില്‍വെ 109 ചരക്കു വണ്ടികളാണ് ക്രമീകരിച്ചിട്ടുള്ളത്. ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഏകദേശം 59 പാതകളില്‍ പ്രത്യേക ചരക്കുവണ്ടികളും ഓടുന്നു.
  • ചരക്കു നീക്കത്തിന്റെ മൊഡ്യൂൾ നേരത്തെ ഇ - നാം ആപ്പിൽ കൂട്ടി ചേര്‍ത്തിരുന്നു. കൃഷിക്കാരും വ്യാപാരികളും ഉള്‍പ്പെടെ ഏകദേശം 200 പേര്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു .

Related News