ഇന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനടിക്കറ്റുകളുടെ ബുക്കിങ് പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ

  • 22/07/2021


ഇന്ത്യയിലെ ഏതാനും നഗരങ്ങളിൽ നിന്ന് ദുബായിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചതായി വിമാനക്കമ്പനികളുടെ വെബ്സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ കാണിച്ച് ഗള്‍ഫ് മാധ്യമങ്ങളായ ഖലീജ് ടൈംസ്‌, ഗള്‍ഫ്‌ ന്യൂസ് എന്നിവ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ജൂലൈ 15 മുതൽ ചില ഇന്ത്യൻ നഗരങ്ങളിൽനിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകളുടെ ബുക്കിങ് ഈ വെബ്സൈറ്റുകളിൽ ആരംഭിച്ചിട്ടുള്ളതയാണ് റിപ്പോര്‍ട്ട്‌.

എമിറേറ്റ്സ്, വിസ്താര, സ്പൈസ് ജെറ്റ് അടക്കമുള്ള കമ്പനികളുടെ വെബ്സൈറ്റുകളിൽ ടിക്കറ്റ് ബുക്കിങ്ങ് ഓപ്പൺ ചെയ്തിട്ടുണ്ട്. കോഴിക്കോട്, മംഗലൂരു, മുംബൈ അടക്കമുള്ള നഗരങ്ങളിൽ നിന്നുള്ള സർവീസുകൾക്കുള്ള ടിക്കറ്റുകൾ ലഭ്യമാണെന്നാണ് ഈ വെബ്സൈറ്റുകളിൽ പറയുന്നത്.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അനിശ്ചിത കാലത്തേക്ക് വിലക്കേർപ്പെടുത്തിയ യുഎഇ നടപടിയിൽ നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ തൽസ്ഥിതി തുടരുമെന്നാണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചതെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.

സ്പൈസ് ജെറ്റ് വെബ്സൈറ്റിൽ കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള ടിക്കറ്റുകൾ ലഭ്യമായതായി റിപ്പോർട്ടുകളിൽ പറയുന്നു. കോഴിക്കോട്ട് നിന്നുള്ള ഈ മാസം 16 മുതലുള്ള ടിക്കറ്റുകളും മംഗലാപുരത്തുനിന്നുള്ള 17 മുതലുള്ള ടിക്കറ്റുകളുമാണ് സ്പൈസ് ജെറ്റ് വെബ്സൈറ്റിൽ ലഭ്യമായത്.

വിസ്താരയുടെ വെബ്സൈറ്റിൽ മുംബൈ- ദുബായ് വിമാന ടിക്കറ്റുകൾ ലഭ്യമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ജൂലൈ 15, 16 തീയതികളിൽ കുറച്ച് സീറ്റുകൾ മാത്രമാണ് ഇനി ഈ റൂട്ടിൽ ലഭ്യമാണെന്നാണ് വിസ്താരയുടെ ബുക്കിങ് വെബ്സൈറ്റിലുള്ളത്. ഇൻഡിഗോ എയർലൈൻസും മുംബൈ-ദുബായ് റൂട്ടിൽ ബുക്കിങ് ആരംഭിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.

Related News