ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുകെ പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം പുനരാരംഭിക്കുന്നു

  • 07/12/2022




ന്യൂഡൽഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുകെ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ(ഇ-വിസ) സൗകര്യം പുനരാരംഭിക്കുന്നു. കൊറോണ കാരണം മുടങ്ങിപ്പോയ സൗകര്യമാണ് വീണ്ടും പുന:സ്ഥാപിക്കുന്നത്. ശീതകാല അവധിയ്‌ക്ക് മുൻപ് സേവനം പുനരാരംഭിക്കുന്നത് നിരവധിപേർക്കാണ് പ്രയോജനകരമാവുക.

സേവനം ഉടൻ ലഭ്യമാകുമെന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി പറഞ്ഞു. ഈ ആഴ്ച മുതൽ യാത്രക്കാർക്ക് ഇന്ത്യയിലേക്ക് ഇ-വിസയ്‌ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് ലണ്ടനിലെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ  വ്യക്തമാക്കി.

സിസ്റ്റം അപ്‌ഗ്രേഡ് പ്രക്രിയ നടക്കുന്നുണ്ടെന്നും ഇ-വിസയ്‌ക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഇന്ത്യൻ വിസ വെബ്‌സൈറ്റ് ഉടൻ തയ്യാറാകുമെന്നും അറിയിപ്പുണ്ട്. ഇ വിസ പുനസ്ഥാപിക്കുന്നത് യുകെയിൽ നിന്നുള്ള  സുഹൃത്തുക്കളെ ഇന്ത്യയിലേക്ക് കൂടുതൽ എളുപ്പത്തിൽ യാത്ര ചെയ്യാൻ പ്രാപ്തരാക്കുമെന്ന് ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം ഇന്തോനേഷ്യയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കും തമ്മിൽ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഇ-വിസ വിഷയവും ഇരുവരും ചർച്ച ചെയ്തിരുന്നു. ഇതിന്  പിന്നാലെയാണ് ഇ വിസ പുന:സ്ഥാപിച്ചത്.

Related News