എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത് യൂത്ത് കോണ്‍ഗ്രസുകാരെന്ന് സൂചന

  • 10/09/2022

തിരുവനന്തപുരം: എ കെ ജി സെന്റെറിലേക്ക് ബോംബെറിഞ്ഞ സംഭവത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് സൂചന. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുന്ന സമയത്ത് തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് യാത്രയുടെ മാറ്റ് കുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തന്ത്രപരമായി തന്നെയാണ് നീങ്ങുന്നത്.

കഴക്കൂട്ടം, മേനംകുളം സ്വദേശികളായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് പൊലീസ് നീക്കം നടത്തുന്നത്. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. കഴക്കൂട്ടം സ്വദേശി മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന്റെ ആലോചനയിലും പങ്കെടുത്തിരുന്നതായി ആരോപണമുണ്ട്. ഇയാള്‍ മേനംകുളം സ്വദേശിയെക്കൊണ്ട് കൃത്യം ചെയ്യിച്ചതാണെന്നാണ് പൊലീസ് കരുതുന്നത്.

ഇരുവരെയും പലതവണ ചോദ്യംചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യം കണ്ടിരുന്നു. അക്രമി എത്തിയ മോഡലിലുള്ള സ്‌കൂട്ടര്‍ ഇവരില്‍ ഒരാളുടെ ബന്ധുവിനുണ്ട്. മൊബൈല്‍ സിഗ്നല്‍ ഉള്‍പ്പെടെ പ്രധാന തെളിവുകളൊന്നും ഇവര്‍ക്കെതിരെയില്ലാത്തത് കൊണ്ട് പൊലീസ് എല്ലാം സംശയങ്ങളില്‍ ഒതുക്കി നിര്‍ത്തുകയാണ്. അത് കൊണ്ട് തന്നെ ആരെയെങ്കിലും സംശയിക്കുന്നുണ്ടോ എന്ന് ഉറപ്പിച്ച് പറയാനും പൊലീസിന് കഴിയുന്നില്ല.

എ.കെ.ജി സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞ് രണ്ടര മാസമായിട്ടും ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ സംഭവം നടന്നപ്പോഴേ അതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചിരുന്നു.

Related News