സ്വകാര്യ മേഖലയിൽ 'വർക് ഫ്രം ഹോം ' പ്രോത്സാഹിപ്പിച്ച് യുഎഇ

  • 31/07/2021


അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിൽ 'വർക് ഫ്രം ഹോം ' പ്രോത്സാഹിപ്പിച്ച് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം.  രാജ്യത്തിനു പുറത്തുള്ളവർക്കും തൊഴിലെടുക്കാൻ കഴിയുന്നതോടൊപ്പം കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

പൂർണമായും കോവിഡ് മുക്തമാകാത്ത സാഹചര്യത്തിൽ പാർടൈം, പൂർണതോതിലുള്ള വർക് ഫ്രം ഹോം എന്നിങ്ങനെ രണ്ടുതരം സംവിധാനമാണ് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം മുന്നോട്ടു വയ്ക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും അധികഭാരം കൂടാതെ ജോലി ചെയ്യാൻ വർക് ഫ്രം ഹോം സഹായിക്കും. വിദൂരങ്ങളിലുള്ള തൊഴിലന്വേഷകർക്കും സംവിധാനം പ്രയോജനം ചെയ്യും.

തൊഴിൽരഹിതരായവർക്ക് പാർടൈം ജോലി ലഭിക്കുന്നതു ആശ്വാസകരമാകും. ഒപ്പം ഗതാഗത ചെലവുകളും യാത്രാ പ്രയാസങ്ങളുമില്ലാതെ തൊഴിലെടുക്കാനാകും. ആഴ്ചയിലോ മാസത്തിലോ അല്ലെങ്കിൽ മുഴുവനായോ ജോലിയൊടുക്കാൻ ജീവനക്കാർക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ് മന്ത്രാലയ  ലക്ഷ്യം. തൊഴിൽ സ്ഥാപനങ്ങൾക്കും ജോലിക്കാർക്കും സമൂഹത്തിനും വർക് ഫ്രം ഹോം ഗുണകരമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വർക് ഫ്രം ഹോം കൊണ്ട് ഒരുപാട് പ്രയോജനങ്ങളുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ജോലിക്കാർക്ക്  അപ്രതീക്ഷിത അവധി മൂലമുള്ള പ്രതിസന്ധികൾ തരണം ചെയ്യാൻ തൊഴിലുടമകൾക്കും സാധിക്കും. ഉൽപാദന ശേഷിയും വരുമാനവും വർധിപ്പിക്കും. ജോലിക്കാരുടെ വൈദഗ്ധ്യം വളർത്താനും തൊഴിൽ തുടർച്ച ഉറപ്പാക്കാനും കഴിയും. വിശ്രമിക്കാൻ വേണ്ടത്ര സമയം ലഭിക്കും. ദൈനംദിന യാത്രയില്ലാത്തതിനാൽ ചെലവു ലാഭിക്കാം. മാനസിക സമ്മർദ്ദവും കുറയും. കൂടാതെ കുട്ടികളെ പരിചരിക്കാനും വിശ്രമിക്കാനുംസമയം ലഭിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Related News