ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും എങ്ങുമെത്താതെ വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷനും ലൈസൻസിങും

  • 15/10/2021



കോഴിക്കോട്: ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷനും ലൈസൻസിങും സംബന്ധിച്ച നടപടിക്രമങ്ങൾ എങ്ങുമെത്തിയില്ല. രജിസ്ട്രഷൻ ലൈസൻസിങ് നടപടികൾ ഉടൻ ആരംഭിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവിടണമെന്ന് ജൂലായ് 14 ന് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ, ഇതുമായി ബന്ധപ്പെട്ട കാര്യമായ നീക്കങ്ങൾ ഒന്നും തന്നെയും ഇതുവരെ തുടങ്ങിയിട്ടില്ല.

ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു വെബ്സൈറ്റ് പ്രാരംഭഘട്ടത്തിലാണെന്നും അപേക്ഷാ ഫോമുകൾ ഉടൻ തന്നെ കോർപറേഷനിൽ നിന്നു ലഭ്യമാകുമെന്നും കാലിക്കറ്റ് മുനിസിപ്പൽ കോർപ്പറേഷന്റെ വെറ്ററിനറി സർജൻ ഡോ. ശ്രീഷ്മ വി.എസ് പറഞ്ഞു. കന്നുകാലികൾക്കും പൂച്ചകൾക്കും 100 രൂപയും നായ്ക്കൾക്കും കുതിരകൾക്കും 500 രൂപയുമാണ് ലൈസൻസിനുള്ള ഫീസ് നിശ്ചയിച്ചിരിക്കുന്നത്. 

എന്നാൽ ബ്രീഡർ ലൈസൻസിന്റെ ഫീസ് നായ്ക്കൾക്ക് 1000 രൂപയും പൂച്ചകൾക്ക് 500 രൂപയും ആയിരിക്കും. അപേക്ഷ ഫോം സമർപ്പിച്ചു കഴിഞ്ഞാൽ കോർപറേഷനിൽ നിന്നു ഒരു അന്വേഷണം ഉണ്ടാകും. ചുവടെ പറയുന്നവ പരിശോധിച്ച് ഉറപ്പ് വരുത്തും.

1. വളർത്തു മൃഗങ്ങളുടെ കൂടുകൾ അയൽവാസികൾക്ക് ശല്യമാകുന്ന തരത്തിൽ അല്ല.

2. നായ്കൾക്ക് കൃത്യമായ സമയത്ത് റാബിസ് കുത്തിവയ്പ്പ് നൽകുന്നുണ്ട്.

3. വളർത്തുമൃഗത്തിന് വീടിന്റെ അതിരുകൾക്കുള്ളിൽ ജീവിക്കാൻ ശരിയായ പരിശീലനം നൽകിയിട്ടുണ്ട്.

4. നായയുടെ കഴുത്തിൽ കൃത്യമായി കോളർ ധരിപ്പിച്ചിട്ടുണ്ട്.

5. വളർത്തുമൃഗങ്ങൾക്ക് കളിക്കാനും വിഹരിക്കാനും മതിയായ ഇടമുണ്ട്.

അവരുടെ മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കപ്പെടുന്നു
നിയമലംഘകരുടെ ലൈസൻസുകൾ റദ്ദാക്കപ്പെടുമെന്ന് ശ്രീഷ്മ വി. എസ് അറിയിച്ചു. തുടർച്ചയായി നിയമം ലംഘിക്കുകയാണെങ്കിൽ, നായ്ക്കളെ സർക്കാർ പിടിച്ചുകെട്ടി ലേലം ചെയ്യും. ലൈസൻസില്ലാതെ വളർത്തുമൃഗങ്ങളെ സൂക്ഷിക്കുകയോ വളർത്തുകയോ ചെയ്താലും ശിക്ഷിക്കപെടും. ലൈസൻസിന്റെ സാധുത ഒരു വർഷത്തേക്കാണ്. നായ്ക്കളുടെ റാബിസ് വാക്സിനേഷന്റെ സാധുതയായിരിക്കും കണക്കിലെടുക്കുക.

ഉടമ എല്ലാ വർഷവും ലൈസൻസ് പുതുക്കണം. ഇതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാക്കാനും, വളർത്തുമൃഗത്തെ വാങ്ങിയ ശേഷം മൂന്ന് മാസത്തെ സമയംകൊണ്ട് ലൈസൻസ് ലഭിക്കാനുമായി തദ്ദേശസ്ഥാപനങ്ങൾക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഒരു വളർത്തുമൃഗത്തെ വിൽക്കുമ്പോൾ പുതിയ ഉടമ വീണ്ടും ലൈസൻസിന് അപേക്ഷിക്കണം. നായ്കൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കാനായുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

Related News