'കരാറുകാരെ കൂട്ടി വരരുത്'; റിയാസിന്‍റെ പ്രസ്‍താവനയ്ക്ക് എതിരെ പ്രതിപക്ഷം, അവകാശലംഘനത്തിന് നോട്ടീസ് നല്‍കും

  • 15/10/2021

തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാൻ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ (muhammed riyas) പ്രസ്താവനയ്ക്ക് എതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം. സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് കെ ബാബു എംഎൽഎ പറഞ്ഞു. റിയാസിന്‍റെ പരാമര്‍ശം എംഎൽഎമാർക്ക് അപകീർത്തി ഉണ്ടാക്കുന്നതാണെന്ന് കെ ബാബു വിമര്‍ശിച്ചു. കരാറുകാരെ കൂട്ടി ഏത് എംഎല്‍എയാണ് മന്ത്രിയെ സമീപിച്ചതെന്ന് വെളിപ്പെടുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

എംഎല്‍എമാര്‍ക്കൊപ്പമോ എംഎല്‍എമാരുടെ ശുപാര്‍ശയിലോ കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരുന്നത് ശരിയല്ലെന്നും അത് തെറ്റായ പ്രവണത ആണെന്നുമായിരുന്നു ഇക്കഴിഞ്ഞ ഏഴാം തീയതി റിയാസ് നിയമസഭയില്‍ നടത്തിയ പരാമര്‍ശം. ഇത് ജനപ്രതിനിധികളെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന വിമര്‍ശനം സിപിഎം നിയമസഭാ കക്ഷി  യോഗത്തില്‍ ഉയര്‍ന്നതായുളള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവെ റിയാസ് തന്‍റെ നിലപാട് ആവര്‍ത്തിച്ചു. 

നിയമസഭയില്‍ പറഞ്ഞത് നല്ല ബോധ്യത്തോടെയാണ്. പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. ചില കരാറുകാരും ഉദ്യോഗസ്ഥരുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ഇത് അംഗീകരിക്കാനാവില്ല. എംഎല്‍എമാര്‍ക്ക് സ്വന്തം മണ്ഡലങ്ങളിലെ പ്രശ്നങ്ങളുമായി മന്ത്രിയെ കാണാം. എന്നാല്‍ മറ്റ് മണ്ഡലങ്ങളിലെ കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇനി റോഡുകളും പാലങ്ങളും നിര്‍മ്മിക്കുമ്പോള്‍ അതില്‍ കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും ഫോണ്‍ നമ്പറുകള്‍ കൂടി ഉള്‍പ്പെടുത്തും. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് അക്കാര്യങ്ങള്‍ ഉടനടി ബന്ധപ്പെട്ടവര അറിയിക്കാനാണിതെന്നും മന്ത്രി പറഞ്ഞു.

Related News