കേരളം ഞാന്‍ വിട്ടു, ഇനി ആഫ്രിക്ക പൊളിയരുത് എന്നേയുള്ളൂ- അന്‍വര്‍

  • 16/10/2021

മലപ്പുറം: തന്നെ സംബന്ധിച്ച് ഇനി ആഫ്രിക്ക പൊളിയരുത് എന്നേയുള്ളൂവെന്നും കേരളം താൻ വിട്ടുവെന്നും പി.വി.അൻവർ എംഎൽഎ. 'കേരളം ഞാൻ പൂർണ്ണമായും വിട്ടു. തടയണ പൊളിക്കുകയോ വീണ്ടും കെട്ടുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ഈ മണ്ണിൽ രാഷ്ട്രീയവും വ്യക്തിത്വവും പാർട്ടിയോടുള്ള ആത്മാർത്ഥതയും നിലനിർത്തി പ്രവർത്തിക്കണമെങ്കിൽ ഒരു കച്ചവടവും ഇവിടെ പാടില്ലെന്ന് തീരുമാനിച്ചവനാണ് താൻ. ഇവിടെ ഒരു പെട്ടിക്കട നടത്താൻ പോലും പി.വി.അൻവർ ഇനി ആഗ്രഹിക്കുന്നില്ല' അൻവർ പറഞ്ഞു.

ആഫ്രിക്കയിലെ സിയാറ ലിയോണിൽ നിന്നെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.
തന്നെ തിരഞ്ഞല്ല കോൺഗ്രസുകാർ ടോർച്ചടിച്ച് നടക്കേണ്ടത്. എഐസിസി ആസ്ഥാനത്തേക്കാണ് ടോർച്ചടിക്കേണ്ടത്. കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിനെ തകർത്തുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിലെ നമ്പർ വൺ ബിജെപിയുടെ ഏജന്റാണ് കെ.സി.വേണുഗോപാൽ. വെറുതെ പറയുക അല്ല. കർണാടകയിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി. ഗോവയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും മന്ത്രിസഭ രൂപീകരിക്കുന്നതിന് തടസ്സമായത് കെ.സി.വേണുഗോപാൽ. പഞ്ചാബും കോൺഗ്രസിന് നഷ്ടമായി കൊണ്ടിരിക്കുന്നു. കോൺഗ്രസിനെ തകർക്കാൻ ബിജെപി ഏൽപ്പിച്ച ഏജന്റായി പ്രവർത്തിക്കുകയാണ് കെ.സി.വേണുഗോപാലെന്നും അൻവർ ആരോപിച്ചു. മലപ്പുറം ഡിസിസി അധ്യക്ഷൻ വി.എസ്.ജോയിക്ക് നാടുകാണി ചുരത്തിലെ കുട്ടിക്കുരങ്ങിന്റെ വിലയേ ഉള്ളൂവെന്നും അൻവർ പറഞ്ഞു.

പരനാറികളായിട്ടുള്ള ചില ആളുകൾ ഇവിടെയുണ്ട്. എംഎൽഎ ആയി കഴിഞ്ഞാൽ അല്ലെങ്കിൽ പാർട്ടിയുടെ നേതൃത്വത്തിൽ വന്നാൽ എന്ത് തെമ്മാടിത്തരവും പറയാമെന്നാണ് ഇവരുടെ തോന്നൽ. അതെല്ലാം കേട്ട് സഹിക്കണം എന്ന ധാരണ ചില ആളുകൾക്കുണ്ട്. ഇങ്ങോട്ട് കാണിക്കുന്ന സംസ്കാരത്തിന്റെ ഒരു പരിധി വരെ നമ്മളൊക്കെ ക്ഷമിക്കും. അത് പരിധിവിട്ടാൽ അതിനനുസരിച്ച് മറുപടി കൊടുക്കാൻ വ്യക്തിപരമായി താൻ ബാധ്യസ്ഥാനാണെന്നും അൻവർ വ്യക്തമാക്കി.

പെട്ടിക്കട നടത്തേണ്ട രാജ്യത്ത് അത് നടത്തി ജീവിക്കാനുള്ള സമ്പത്ത് ഉണ്ടാക്കി പൊതുസമൂഹത്തിന് മുന്നിൽ സിപിഎമ്മിന്റെ മുന്നണി പോരാളിയായി നിന്ന് ഈ മണ്ണിൽ മരിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.

60 ദിവസം തുടർച്ചയായി നിയമസഭയിൽ എത്താതിരുന്നാൽ അൻവർ എം.എൽ.എ. സ്ഥാനം രാജിവെക്കണം എന്ന ആവശ്യം യു.ഡി.എഫ്. ശക്തമാക്കുന്നതിനിടയിലാണ് അൻവർ നാട്ടിലെത്തിയത്.

Related News