ദത്ത് വിവാദം: കുഞ്ഞിനെ തിരിച്ചെത്തിക്കാൻ പോലീസ് സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു

  • 20/11/2021



തിരുവനന്തപുരം: കുഞ്ഞിനെ അനധികൃതമായി ദത്തു നൽകിയെന്ന അനുപമ എസ്.ചന്ദ്രന്റെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്രയിലുള്ള കുഞ്ഞിനെ തിരിച്ചെത്തിക്കാൻ പോലീസ് സംഘം പുറപ്പെട്ടു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമ സമിതി അംഗവുമാണ് സംഘത്തിലുള്ളത്. നിലവിൽ ആന്ധ്ര സ്വദേശികളായ ദമ്പതികൾക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്.

ഇന്ന് പുലർച്ചെയാണ് സംഘം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ആന്ധ്രയിലേക്ക് തിരിച്ചത്. ഉച്ചയോടെ ആന്ധ്രയിലെത്തുന്ന സംഘം കുഞ്ഞുമായി തിരിച്ച് എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. തിരികെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ നാളെയായിരിക്കും സംഘം മടങ്ങുക.

കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാൽ ആദ്യം ഡിഎൻഎ പരിശോധനക്ക് വിധേയമാക്കും. കുഞ്ഞിന്റെ സംരക്ഷണച്ചുമതല ശിശു സംരക്ഷണ ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർക്കാണ്. അതിനു ശേഷമായിരിക്കും പ്രാപ്തനായ മറ്റൊരു വ്യക്തിക്ക് സംരക്ഷണച്ചുമതല കൈമാറാൻ സാധ്യത. അങ്ങനെയെങ്കിൽ അനുപമ തന്നെ സംരക്ഷണ ചുമതലക്ക് വേണ്ടി അപേക്ഷ നൽകാനുള്ള സാധ്യതയുമുണ്ട്.

അതിനിടെ കേസിൽ അനുപമയുടെ ഹർജി തിരുവനന്തപുരം കുടുംബകോടതി ഇന്നു വീണ്ടും പരിഗണിക്കും. ദത്തുനടപടികൾ നിർത്തിവയ്ക്കാൻ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ശിശുക്ഷേമ സമിതി ഉത്തരവ് പുറത്തിറക്കിയത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് തിരികെയെത്തിക്കണമെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ ഉത്തരവ്.

Related News