മാറാട് കൂട്ടക്കൊല: രണ്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

  • 23/11/2021

കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദ്ദീൻ എന്നിവർക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

സ്ഫോടക വസ്തു കൈവശം വച്ചതിനും മതസ്പർധ വളർത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങൾ.

ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56000 രൂപ പിഴയും നിസാമുദ്ദീൻ നൽകണം. സർക്കാരിനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ ആർ ആനന്ദ് ഹാജരായി. 2003 മേയ് 2 ന് ആയിരുന്നു ഒൻപത് പേർ മരിച്ച മാറാട് കലാപം.

2011 ജനുവരി 23-ന് സൗത്ത് ബീച്ചിൽ ഒളിവിൽ താമസിക്കുന്നതിനിടയിലാണ് കോയമോൻ പിടിയിലാവുന്നത്. വിചാരണസമയത്ത് ഹൈദരാബാദിലേക്കുകടന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തി ഒളിവിൽപ്പോവുകയായിരുന്നു. 2010 ഒക്ടോബർ 15-നാണ് നിസാമുദ്ദീൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലാവുന്നത്.

നാടൻ ബോംബുണ്ടാക്കിയെന്നതാണ് കോയമോനെതിരായ കുറ്റം. നിസാമുദ്ദീൻ കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളിയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം


Related News