മോഡലുകളുടെ മരണം: സൈജു ലഹരിക്ക് അടിമ, ദുരുദ്ദേശ്യത്തോടെ മോഡലുകളെ പിന്തുടര്‍ന്നു; അപകട കാരണം ആ ചേസിങ്

  • 30/11/2021


കൊച്ചി: സൈജു തങ്കച്ചൻ കാറിൽ പിന്തുടർന്നതാണ് മോഡലുകളടക്കമുള്ളവരുടെ അപകടമരണത്തിന് കാരണമായതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. സൈജു ലഹരിക്ക് അടിമയാണെന്നും കമ്മീഷണർ പറഞ്ഞു.

സൈജു നേരത്തെ പല പെൺകുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ട്. ഇവർ പരാതിപ്പെട്ടാൽ പോലീസ് കേസെടുക്കും. ദുരുദ്ദേശ്യത്തോടെയാണ് സൈജു മോഡലുകളെ പിന്തുടർന്നത്. ഈ ചേസിങ്ങാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണമെന്നും കമ്മീഷണർ വിശദീകരിച്ചു.

സൈജുവിന്റെ ലഹരി മരുന്ന് ഉപയോഗവും ഇടപാടുകളും സംബന്ധിച്ച് ഒട്ടേറെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. സൈജുവിന്റെ ഫോണിൽനിന്ന് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി. സ്ഥിരമായി പാർട്ടികളിൽ പങ്കെടുക്കുന്ന സൈജു, അവിടെയെത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു.

നമ്പർ 18 ഹോട്ടലിലെ പാർട്ടിക്ക് ശേഷം സൈജു മോഡലുകളായ യുവതികളെ പിന്തുടർന്നതും ദുരുദ്ദേശ്യത്തോടെയായിരുന്നു. സംഭവദിവസം രാത്രി മോഡലുകളെ കൊച്ചിയിൽ തന്നെ നിർത്താനായിരുന്നു ഇയാൾ ലക്ഷ്യമിട്ടത്. എന്നാൽ യുവതികളും സുഹൃത്തുക്കളും ഇതിന് വിസമ്മതിച്ചതോടെയാണ് ഇവരെ പിന്തുടർന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 

അതേസമയം, കാറോടിച്ചിരുന്ന അബ്ദുറഹ്മാൻ മദ്യലഹരിയിലായതിനാൽ വാഹനവുമായി പോകേണ്ടെന്ന് പറയാനാണ് അവരെ പിന്തുടർന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. കഴിഞ്ഞദിവസം സൈജുവിന്റെ ഔഡി കാർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗർഭനിരോധന ഉറകളും ചില മരുന്നുകളും ഉൾപ്പെടെ കാറിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു.

കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ചൊവ്വാഴ്ച സൈജുവിനെ കോടതിയിൽ ഹാജരാക്കും. മൂന്നുദിവസത്തേക്ക് നേരത്തെ കസ്റ്റഡി അനുവദിച്ചിരുന്നത്. അതിനിടെ, അപകടമരണ കേസുമായി ബന്ധപ്പെട്ട് മോഡലുകളുടെ ബന്ധുക്കൾ വീണ്ടും പോലീസിനെ കാണുമെന്നും വിവരങ്ങളുണ്ട്.

Related News