ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തിനിരയായ യുവതി മരിച്ചു, മകൾ ചികിത്സയിൽ

  • 22/01/2022

കൽപ്പറ്റ : വയനാട് അമ്പലവയലിൽ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിതയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണത്തിന് കീഴടങ്ങിയത്. ലിജിതയ്ക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ച ശേഷം ബൈക്കിൽ രക്ഷപ്പെട്ട ഭർത്താവ് സനൽ കുമാർ പിന്നീട് തീവണ്ടിയുടെ മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. 

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇവരുടെ മകൾ അളകനന്ദ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ജനുവരി 15-നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനിൽ കുമാർ (38) ആസിഡ് ആക്രമണം നടത്തിയത്. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയായിരുന്നു ലിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കേറ്റ നിലയില്‍ കണ്ടത്. 

ലിജിതയും ഭർത്താവ് സനലും അകന്നു കഴിയുകയായിരുന്നു. ജനുവരി 14 വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് ജനുവരി 15 ശനിയാഴ്ച രാവിലെ ലിജിത പോലീസ് പരാതി നല്‍കിയിരുന്നതായാണ് വിവരം. പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നത്. പിന്നാലെ ഒളിവിൽ പോയ സനലിനെ തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ഭാഗത്തായി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related News