ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും: വ്യാഴാഴ്ചവരെ അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്ക്

  • 22/01/2022

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങൾ കോടതിയെ അറിയിക്കണം. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യലിന് അനുമതിയുള്ളത്. വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. 

ഏത് അന്വേഷണത്തിനും തയാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. ദിലീപിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നത്. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഗൂഡാലോചന തുടങ്ങി മറ്റ് ഇടപെടലുകൾ വ്യക്തമാക്കുന്ന രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകട്ടേയെന്നും എന്നിട്ട് ജാമ്യ ഹർജി പരിഗണിച്ചാൽ പോരെയെന്നും കോടതി ചോദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം ഹർജി പരിഗണിക്കാമെന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു.  

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരേ പുതിയ വകുപ്പ് കൂടി ക്രൈംബ്രാഞ്ച് ചേർത്തിട്ടുണ്ട്. മുൻപ് ചുമത്തിയ വകുപ്പുകളിൽ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂട്ടിച്ചേർക്കുകയായിരുന്നു.

Related News