ദിലീപിനെ ആദ്യം ഒറ്റക്കിരുത്തി ചോദ്യം ചെയ്യും; നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും

  • 23/01/2022

കളമശ്ശേരി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ ദിലീപ് ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർ മുമ്ബാകെ ഹാജരായി. കളമശ്ശേരിയിലെ ക്രെംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് ചോദ്യം ചെയ്യലിനായി എത്തിയത്. രാവിലെ 8.45ഓടെ ആലുവയിലെ വീട്ടിൽ നിന്നിറങ്ങിയ ദിലീപ് അഞ്ച് മിനിറ്റു കൊണ്ട് തന്നെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. സൺഫിലിം ഒട്ടിച്ച ഇന്നോവ ക്രിസ്റ്റ കാറിൽ അനുജൻ അനൂപിനും സഹോദരീ ഭർത്താവിനും ഒപ്പമാണ് ദിലീപ് ചോദ്യം ചെയ്യലിനായി എത്തിയത്.


വാഹനത്തിന്റെ മുൻസീറ്റിൽ നിന്നും ഇറങ്ങിയ ദിലീപ് വെള്ള ഷർട്ടും പാൻസും ധരിച്ചാണ് എത്തിയത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കൈ ഉയർത്തി കാണിച്ച് ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക ഹാജരായി. അഞ്ച് പ്രതികളും ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ട്. ആദ്യം ദിലീപ് അടക്കമുള്ള പ്രതികളെ വെവ്വേറെ ഇരുത്തി ചോദ്യം ചെയ്യും. പിന്നീട് ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യാനാണ് ഒരുങ്ങുന്നത്. ഇതിനായി അന്വേഷണ സംഘത്തെ പലതായി തിരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ രംഗങ്ങളെല്ലാം വീഡിയോയിൽ പകർത്താനാണ് നീക്കം.


ദിലീപിനെ വ്യാഴാഴ്ച്ച വരെ അറസ്റ്റു ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘത്തിന ആകില്ല. ചോദ്യം ചെയ്യലിന് ശേഷം കോടതിയുടെ തീരുമാന പ്രകാരമാകും താരത്തെ അറസ്റ്റു ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പൊലീസ് ഉദ്യോഗസ്ഥർ വാദികളായ കേസായതിനാൽ തന്നെ പൊലീസിന് വീറും വാശിയും അൽപ്പം കൂടുതൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ദിലീപിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങൾ ഇന്നലെ രാത്രി തന്നെ പൂർത്തിയായിയിരുന്നു. ക്രൈംബ്രാഞ്ചിലെ ചോദ്യംചെയ്യൽ വിദഗ്ധരായ 3 പേരെ വിളിപ്പിച്ചിട്ടുണ്ട്. കൊടും കുറ്റവാളികളെ കൊണ്ടു പോലും സത്യം പറയിച്ചു പരിശീലനമുള്ളവരാണ് ഇവർ. പ്രതികൾ നൽകുന്ന മൊഴികളിലെ വസ്തുതകൾ അപ്പപ്പോൾ പരിശോധിക്കാനുള്ള സംവിധാനവുമൊരുക്കും.

Related News