നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ

  • 23/01/2022

ദില്ലി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സർക്കാർ ആവശ്യത്തിനെതിരെ ദിലീപ്  സുപ്രീംകോടതിയെ സമീപിച്ചു. ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയെന്ന ഗൂഢോദ്ദേശമാണ് സർക്കാരിനെന്നാണ് ദിലീപിൻറെ ആരോപണം. 

ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ തുടരന്വേഷണം ആവശ്യമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നാളെ ഈ ഹർജി സുപ്രീംകോടതി പരിഗണിക്കാനാരിക്കെയാണ് ആവശ്യത്തെ എതിർത്തുള്ള ദിലീപിൻറെ നീക്കം. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകളെ വിശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണെന്നും ദിലീപ് ആരോപിച്ചു. 

ബാലചന്ദ്രകുമാർ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിക്കുന്നു. ഇതോടൊപ്പം ജഡ്ജി സ്ഥലം മാറുന്നത് വരെ  വിചാരണയിൽ കാലതാമസം വരുത്തുകയെന്ന ഗൂഢോദ്ദേശവും സർക്കാരിനുണ്ടെന്ന് മറുപടി സത്യവാങ്മൂലത്തിൽ ദിലീപ് ചൂണ്ടിക്കാട്ടി. നേരത്തെ ജഡ്ജിയെ മാറ്റണമെന്ന്  സർക്കാർ തന്നെ ആവശ്യപ്പെട്ടത് പരാമർശിച്ചായിരുന്നു ദിലീപിൻറെ ആരോപണം. 

ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, സിടി രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് സർക്കാരിൻറെ അപേക്ഷ പരിഗണിക്കുന്നത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഫെബ്രുവരി പതിനാറിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നത്.

Related News