'നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിന് ഉള്ള ചികിൽസ എന്റെ കയ്യിൽ ഇല്ലെന്നാണ് ഞാൻ പറഞ്ഞത്'; ഓച്ചിറയിൽ അമ്മയേയും മകനേയും തടഞ്ഞ സംഭവത്തിൽ സിഐ വിനോദ്

  • 23/01/2022

കൊല്ലം: കായംകുളം എംഎസ്എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോയ യുവാവിനെയും ഉമ്മയേയും പൊലീസ് തടഞ്ഞെന്ന ആരോപണത്തിൽ വിശദീകരണവുമായി ഓച്ചിറ സർക്കിൾ ഇൻസ്പെക്ടർ വിനോദ്. ഉമ്മ പർദ്ദ ഇട്ടിരുന്നതുകൊണ്ടാണ് സിഐ പോകാൻ സമ്മതിക്കാതിരുന്നതെന്നും അത് ചോദിച്ചപ്പോൾ വസ്ത്രം പ്രശ്നം തന്നെയാണെന്ന് പറഞ്ഞെന്നുമായിരുന്നു ചാത്തന്നൂർ സ്വദേശി അഫ്സൽ മണിയിൽ ഫെയ്സ് ബുക്കിൽ കുറിച്ചത്.

അഫ്സൽ ഫെയ്സ് ബുക്കിൽ പങ്കുവച്ച ആരോപണങ്ങളൊന്നും ശരിയല്ലെന്ന് സിഐ വിനോദ് പറഞ്ഞു. ഇന്ന് ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങളായതിനാൽ എല്ലാ വാഹനങ്ങളും പരിശോധിച്ചാണ് വിട്ടത്. പ്രത്യേകിച്ച് കൊല്ലം - ആലപ്പുഴ അതിർത്തി പ്രദേശമാണത്. അടുത്ത ജില്ലയിലേയ്ക്ക് കടക്കുന്ന വാഹനങ്ങളാണ് അതുവഴി വരുന്നതെന്നതിനാൽ അത്രത്തോളം കർശനമായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ട്രയിൻ - ഫ്ളൈറ്റ് ടിക്കറ്റ് എടുത്തവർ, കല്യാണക്കുറി കാണിക്കുന്നവർ, മരണത്തിന് പോകുന്നവർ അങ്ങനെ അത്യാവശ്യക്കാരെ മാത്രമായിരുന്നു കടത്തിവിട്ടിരുന്നുത്.

കോളേജിൽ നിന്നും സഹോദരിയെ വിളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് അഞ്ചുവയസുള്ള ഒരു കുട്ടിയടക്കമാണ് ആ കുടുംബം വന്നത്. അതൊരു അടിയന്തരആവശ്യമല്ലാത്തതിനാൽ അവരോട് തിരിച്ചുപോകാൻ പറഞ്ഞു. ഇന്നലെയും അവധിദിവസമായതിനാൽ അവർക്ക് ഇന്നലെ വേണമെങ്കിൽ ആ കുട്ടിയെ വിളിച്ചുകൊണ്ടുവരാമായിരുന്നു. അല്ലെങ്കിൽ നാളെ പോയി വിളിക്കാം. അതുകൊണ്ട് ആലപ്പുഴ ജില്ലയിലേയ്ക്ക് കടത്തിവിടാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ആ കാറിലിരുന്ന സ്ത്രീയാണ് കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പർദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചത്. നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികിൽസ എന്റെ കയ്യിലില്ലെന്നാണ് ഞാൻ അപ്പോൾ പറഞ്ഞത്. അല്ലാതെ പോസ്റ്റിൽ പറയുന്നത് പോലെ വസ്ത്രം പ്രശ്നമാണെന്ന് ഞാൻ പറഞ്ഞിട്ടേയില്ല.

അതിന് ശേഷം ഞങ്ങളവിടെ വാഹനപരിശോധനകൾ നടത്തികൊണ്ടിരുന്ന സമയത്ത് ആ യുവാവ് ഇറങ്ങി ഞങ്ങളുടെയൊക്കെ വീഡിയോയും ഫോട്ടോയുമൊക്കെ പകർത്തുന്നത് കണ്ടു. അത് സോഷ്യൽമീഡിയയിൽ ഇടാനാണെന്ന് മനസിലായെങ്കിലും ഞങ്ങളൊന്നും പറഞ്ഞില്ല. ഒടുവിൽ അയാൾ അവിടെ നിന്ന് ആരെയൊക്കെയോ വിളിച്ചതനുസരിച്ച് മേലുദ്യോഗസ്ഥർ വിളിച്ചുപറഞ്ഞിട്ടാണ് അവരെ ആലപ്പുഴ ജില്ലയിലേയ്ക്ക് കടക്കാൻ അനുവദിച്ചത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് അവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സിഐ പറഞ്ഞു. അവർ കൊണ്ടുവന്ന സത്യവാങ്മൂലത്തിൽ ഇന്നലത്തെ തീയതിയായിരുന്നെന്നും സിഐ ആരോപിച്ചു.

ഇന്ന് രാവിലെയാണ് അഫ്സൽ മണിയിൽ ഓച്ചിറ സിഐയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെ ഇട്ട പോസ്റ്റ് അതിവേഗം വൈറലാകുകയായിരുന്നു. ഓച്ചിറയിൽ അവരുടെ വാഹനം തടഞ്ഞുനിർത്തിയ ഉദ്യോഗസ്ഥന് രേഖകളും സത്യവാങ്മൂലവും കാണിച്ചിട്ടും മറ്റു പല വാഹനങ്ങൾ കടത്തിവിട്ടിട്ടും ഇവരോട് മാത്രം തിരിച്ചുപോകാൻ പൊലീസ് ഉദ്യോഗസ്ഥൻ പറയുകയായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ഏഴ് പരിശോധനയും 70 കിലോമീറ്റർ ദൂരവും പിന്നിട്ടാണ് ഇവിടെ വരെ എത്തിയതെന്ന് അറിയിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥൻ പോകാൻ അനുവദിച്ചില്ലെന്നും അഫ്‌സൽ കുറ്റപ്പെടുത്തുന്നു. ഒടുവിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും കൊല്ലം എംപി എൻകെ പ്രേമചന്ദ്രനേയും ബിന്ദുകൃഷ്ണയേയും ബന്ധപ്പെട്ട ശേഷമാണ് പോകാൻ അനുവദിച്ചതെന്നും അഫ്‌സൽ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Related News