ഉത്സവത്തിനെത്തിയ കുട്ടിയെ കാണാതായി; ലോറിയിൽ ഉറങ്ങിപ്പോയ കാർത്തിക് എത്തിയത് 75 കിലോമീറ്റർ അകലെ

  • 23/01/2022

തെന്മല (കൊല്ലം): പന്തളത്ത് അച്ഛനൊപ്പം ഉത്സവക്കച്ചവടത്തിനെത്തിയ പത്തുവയസ്സുകാരനെ കാണാതായി. പന്തളം വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിനുസമീപം വഴിയരികിൽ നിർത്തിയിട്ടിയിരുന്ന ലോറിയിൽ കയറി കിടന്നുറങ്ങിയ കുട്ടിയെത്തിയത് 75 കിലോമീറ്റർ അകലെ തമിഴ്‌നാട് അതിർത്തിക്കടുത്ത് ആര്യങ്കാവിൽ. ധർമശാസ്താക്ഷേത്രത്തിലെ തിരുവാഭരണ ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സീതത്തോട് സ്വദേശി കുമാറിന്റെ മകൻ കാർത്തിക്കിനെയാണ് ഞായറാഴ്ച പുലർച്ചെ കാണാതായത്. മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ ആശ്വാസം പകർന്ന് കുട്ടിയെ കണ്ടെത്തിയെന്ന വാർത്തയെത്തി.

സംഭവമിങ്ങനെ: പുലർച്ചെ മൂന്നോടെ കുമാറിന്റെ കടയ്ക്കുസമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കയറിയ കാർത്തിക് അവിടെ കിടന്നുറങ്ങി. ഇതറിയാതെ ലോറിക്കാർ സിമന്റെടുക്കാനായി തമിഴ്‌നാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. കുട്ടിയെ കാണാതെ പരിഭ്രാന്തനായ കുമാർ പലയിടത്തും അന്വേഷിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകി. ഉടൻ പോലീസും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ തുടങ്ങി.

ഇതിനിടെ രാവിലെ എട്ടരയോടെ ലോറി ആര്യങ്കാവിലെത്തിയപ്പോൾ പിന്നിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് ഡ്രൈവർ വണ്ടി നിർത്തി. കുട്ടിയെക്കണ്ട ജീവനക്കാർ അമ്പരന്നു. തുടർന്ന് ആര്യങ്കാവ് പോലീസ് ഔട്ട്‌പോസ്റ്റിൽ അറിയിച്ചു. തെന്മല സ്റ്റേഷൻ ഓഫീസർ വിനോദിന്റെ നിർദേശപ്രകാരം സി.പി.ഒ. മാരായ അനൂപ്, കണ്ണൻ, സുനിൽ, അഭിലാഷ് എന്നിവർ സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു. പന്തളം സ്റ്റേഷനിൽനിന്ന് കുട്ടിയെ കാണാതായെന്ന സന്ദേശം കിട്ടിയിരുന്നതിനാൽ കാർത്തിക്കിനെ തിരിച്ചറിയുന്നത് എളുപ്പമായി. രാവിലെ പത്തുമണി കഴിഞ്ഞപ്പോൾ പന്തളത്തുനിന്ന് കുമാറും ക്രൈം എസ്.ഐ. സി.കെ.വേണുവിന്റെ നേതൃത്വത്തിൽ പോലീസും തെന്മലയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

Related News