മുന്നറിയിപ്പിൻറെ അവസാനഘട്ടം, തലസ്ഥാനത്ത് 'സി' നിയന്ത്രണം

  • 24/01/2022

തിരുവനന്തപുരം: മുന്നറിയിപ്പിന്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി. ജില്ലയിൽ ഒരുതരത്തിലുള്ള  ആൾക്കൂട്ടവും പാടില്ലെന്നാണ് നിർദ്ദേശം. 

തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവർഷമൊഴികെ എല്ലാ ക്ലാസുകളും ഓൺലൈനാക്കും. ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.

അതേസമയം മാളും ബാറും അടക്കാതെ തിയേറ്റർ അടക്കുന്നതിൽ തിയേറ്റർ ഉടമകളുടെ സംഘടനായായ ഫിയോക് കടുത്ത എതിർപ്പുയർത്തിയിട്ടുണ്ട്. ജില്ലയിലെ തിയേറ്ററിൽ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂർ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാർ പറഞ്ഞു. ജില്ലയിൽ വെള്ളിയാഴ്ച്ച തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരടക്കം യോഗത്തിൽ പങ്കെടുക്കും. ശേഷമാകും കൂടുതഷ തീരുമാനങ്ങൾ ഉണ്ടാകുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിച്ച് നിയന്ത്രണം ശക്തമാക്കാനാണ് നിലവിലെ നിർദേശം.

Related News