ദിലീപിന്റെ വാദങ്ങളെ പൂർണമായി തള്ളി കോടതി; തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി ഫോണുകൾ ഹാജരാക്കാൻ നിർദ്ദേശം

  • 29/01/2022

കൊച്ചി: നടി ആക്രമിച്ചകേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസിലെ ഫോൺ കൈമാറ്റ വിഷയത്തിൽ നടൻ ദിലീപിന് തിരിച്ചടി. തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. തെളിവുകൾ നൽകാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞു. ദിലീപിന്റെ വാദങ്ങളെ പൂർണമായി തള്ളുകയായിരുന്നു കോടതി. ദിലീപ് ഫോണുകൾ സ്വന്തം നിലയിൽ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് ഹൈക്കോടതി ആവർത്തിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പ്രതികരണം.

ആറ് ഫോണുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. വിവിധ കോടതി ഉത്തരവുകൾ ഉദ്ധരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഇടക്കാല ഉത്തരവിൽ സംതൃപ്തരല്ലെങ്കിൽ നിങ്ങൾ വേണമെങ്കിൽ സുപ്രീംകോടതിയിൽ പോകൂ എന്നും ഹൈക്കോടതി പറഞ്ഞു. ഇന്ത്യൻ എവിഡൻസ് ആക്ട്, ഇൻഫർമേഷൻ ആക്ട് പ്രകാരം പ്രതിക്ക് ഫോണുകൾ സ്വന്തം നിലക്ക് പരിശോധിക്കാനുള്ള അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

നാല് ഫോണുകൾ എന്നാണ് പ്രോസിക്യൂഷൻ അറിയിച്ചത്. എന്നാൽ മൂന്ന് ഫോണുകളാണ് ഉള്ളത്. അതിൽ രണ്ട് ഫോണുകളാണ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നതെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.

Related News