വെള്ളിമാടുകുന്ന് സംഭവം: സ്ഥാപനത്തിൻറെ സുരക്ഷ കൂട്ടാൻ സർക്കാരിനോട് ആവശ്യപ്പെടും: സിഡബ്ല്യുസി ചെയർമാൻ

  • 30/01/2022

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കുട്ടികൾക്ക് പറയാനുള്ളത് കേൾക്കാൻ വേണ്ടിയായിരുന്നു ഇന്നത്തെ സിറ്റിംഗെന്ന് സിഡബ്ല്യുസി ചെയർമാൻ. കുട്ടികളുടെ താൽപര്യം സംരക്ഷിച്ചാവും മുന്നോട് പോവുകയെന്നും സ്ഥാപനത്തിൻറെ സുരക്ഷ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഉടൻ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അഡ്വ. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 

കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങൾ ഒരുക്കാൻ ബാലിക മന്ദിരം സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളെ മാറ്റി പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ 2 ദിവസത്തിനകം തീരുമാനമെടുക്കുമന്നും സർക്കാരിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാലികാ മന്ദിരത്തിരത്തിൽ ഗുരുതര സുരക്ഷാ പിഴവുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഇത് പരിഹരിക്കുന്നതിൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിലാണ് ആറ് പെൺകുട്ടികൾ ഇവിടെ നിന്ന് കടന്നത്. ചിൽഡ്രൻസ് ഹോമിലെ സുരക്ഷാ വീഴ്ചകൾ ഉൾപ്പെടെ ചർച്ച ചെയ്യാനാണ് സിഡബ്ല്യുസി ചെയർമാൻ ഇന്ന് അടിയന്തര സിറ്റിംഗ് നടത്തിയത്. ഇതിനിടെ മകളെ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് കുട്ടികളിൽ ഒരാളുടെ അമ്മ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. 

ഇക്കാര്യത്തിൽ ഇന്നുതന്നെ അന്തിമ തീരുമാനമുണ്ടാകും. കുട്ടികൾക്ക് പറയാനുള്ളതും സിഡബ്ല്യുസി കേൾക്കും. ചേവായൂർ സ്റ്റേഷനിൽനിന്ന് രണ്ട് പ്രതികളിൽ ഒരാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതികളുടെ ചുമതലയുള്ള രണ്ട് പൊലീസുകാർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കു.

Related News