കേന്ദ്ര ബജറ്റിൽ കെ റെയിലിന് എന്ത് പരിഗണയുണ്ടാകും എന്ന് ഉറ്റുനോക്കി കേരളം, കേന്ദ്ര വിഹിതത്തിനായും കാത്തിരിപ്പ്

  • 30/01/2022

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിലെ അതിവേഗ പദ്ധതികൾ പരിഗണിക്കുമ്പോൾ കേന്ദ്രത്തിന് കെ റെയിലിനെ തഴയാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. നികുതി വരുമാനം കുറയുമ്പോൾ കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം ഉറപ്പാക്കാൻ ബജറ്റിൽ എന്തുണ്ടാകും എന്നതും സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ആകാംക്ഷയാണ്.

സിൽവർ ലൈനിൽ കേന്ദ്രസർക്കാരിൻറെ മനസിലെന്ത് എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.പ്രധാനമന്ത്രിക്ക് നേരിട്ട് മുഖ്യമന്ത്രി കത്തയച്ചതിന് ശേഷവും പാളത്തിൽ പച്ചക്കൊടി തെളിഞ്ഞിട്ടില്ല. കേന്ദ്ര ബജറ്റിൽ കെ റെയിലിന് എന്ത് പരിഗണയുണ്ടാകും എന്നതാണ് ഇനി പ്രധാനം.നിർമ്മാണചെലവിൻറെ ഒരു വിഹിതം കേന്ദ്രം നൽകണമെന്നാണ് സംസ്ഥാന സർക്കാരിൻറെ വാദം

കൊവിഡിൽ വീണ കേരളത്തിന് ഇത്തവണയും കേന്ദ്രത്തിൻറെ പ്രത്യേക പാക്കേജ് ഒക്കെ സ്വപ്നം മാത്രം. നാണ്യവിളകൾക്ക് താങ്ങുവില ഉറപ്പാക്കൽ,ചെറുകിട വ്യവസായങ്ങൾക്ക് സഹായം,തൊഴിലുറപ്പിലും തൊഴിൽ ലഭ്യതക്കും കൂടുതൽ പ്രഖ്യാപനങ്ങൾ എന്നിവ കേരളത്തെ സംബന്ധിച്ചും പ്രധാനം.വരവിനെക്കാൾ ചെലവ് കൂടി റവന്യുകമ്മിയിൽ കൂപ്പുകുത്തുന്ന കേരളം കേന്ദ്ര നികുതി വിഹിതത്തിൽ അർഹമായ വിഹിതം പ്രതീക്ഷിക്കുന്നു.

Related News