കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വിദ്യാർഥിനികൾക്ക് തുടർച്ചയായി പീഡനം: പ്രതികൾ പിടിയിൽ

  • 01/02/2022

വിതുര: കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വിദ്യാർഥിനികളായ സഹോദരിമാരെ തുടർച്ചയായി പീഡിപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. പേപ്പാറ പട്ടൻകുളിച്ചപാറ തടത്തരികത്തു വീട്ടിൽ രഞ്ജു എന്നു വിളിക്കുന്ന വിനോദ് (32), കിളിമാനൂർ അടയമൺ ചരുവിള പുത്തൻ വീട്ടിൽ ശരത് (23) എന്നിവരെയാണ് കഴിഞ്ഞ ദിവസം വിതുര പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾപ്രകാരം ഇവർക്കെതിരേ കേസെടുത്തു. പെൺകുട്ടികളുടെ മാതാപിതാക്കളുമായുള്ള അടുപ്പം മുതലെടുത്താണ് മൂത്തകുട്ടിയായ 16-കാരിയെ ഇയാൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ഭയന്ന പെൺകുട്ടി വിവരം പുറത്തു പറയാത്തതോടെ ഇളയ കുട്ടിയായ 14-കാരിയേയും ഇയാൾ പീഡനത്തിനിരയാക്കി. തുടർന്ന് മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് രണ്ടാം പ്രതി ശരത്തിനെയും പെൺകുട്ടികളുടെ വീട്ടിലെത്തിച്ച് പീഡനത്തിനുള്ള സൗകര്യമൊരുക്കിയതായും പോലീസ് പറഞ്ഞു. 

രണ്ടു ദിവസം മുമ്പ് മൂത്തകുട്ടിയെ ഇയാൾ മറ്റൊരു വീട്ടിലെത്തിച്ചു. അന്വേഷിച്ചെത്തിയ വീട്ടുകാർ കണ്ടത് പൂട്ടിയിട്ട പെൺകുട്ടിയെയാണ്. പെൺകുട്ടിയെ രക്ഷിച്ച ശേഷം രക്ഷാകർത്താക്കൾ പോലീസിൽ പരാതി നൽകി. ഒളിവിൽ പോയ വിനോദിനെ പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും ശരത്തിനെ പെരിങ്ങമ്മലയിൽ നിന്നും ആണ് പിടികൂടിയത്.

വിതുര സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എൽ.സുധീഷ്, എ.എസ്.ഐ. സജു, എസ്.സി.പി.ഒ. പ്രദീപ്, സി.പി.ഒ.മാരായ ശരത്, ജസീൽ, ജവാദ്, ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഒന്നാം പ്രതി വിനോദ് രണ്ടു വിവാഹം കഴിച്ചിട്ടുള്ളതായും രണ്ടു കുട്ടികൾ ഉണ്ടെന്നും പോലീസ് പറഞ്ഞു.

Related News