ഇന്ധനവില വർധിക്കാൻ സാധ്യത, കെ റെയിലിന് സഹായമുണ്ടോ എന്നറിയില്ല: സംസ്ഥാന ധനമന്ത്രി

  • 01/02/2022

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ വിമർശിച്ച് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് അവതരണത്തിന് ശേഷം ഇന്ധനത്തിന് വില കൂടാനുള്ള സാഹചര്യമുണ്ടെന്നും സംസ്ഥാന ധനമന്ത്രി പറയുന്നു. ഞ്ഞു. രണ്ട് രൂപ വർധിക്കാനാണ് സാധ്യത. കെ റെയിലിന് സഹായമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും നിലവിൽ കെ റെയിൽ സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നുമില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 

കേന്ദ്ര ബജറ്റ് കേരളത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റ് പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടിയില്ലെങ്കിൽ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകും. ബജറ്റിൽ പ്രഖ്യാപിച്ച ഒരു രാജ്യം ഒരു രജിസ്ട്രേഷനിൽ സംസ്ഥാന സർക്കാരിന് എതിർപ്പുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശവും രജിസ്ട്രേഷനും സംസ്ഥാന വിഷയമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 

കാർഷിക മേഖലക്കുള്ള സഹായം കുറഞ്ഞു. വാക്സീന് മാറ്റി വച്ച തുകയും കുറഞ്ഞു. കഴിഞ്ഞ ബജറ്റിൽ 39,000 കോടി മാറ്റിവച്ചിടത്ത് ഇപ്പോൾ അത് 5,000 കോടി മാത്രമേ ഉള്ളൂ. വാക്സീൻ എല്ലാവരിലേക്കും എത്തിയിട്ടില്ല. ഇനി ബൂസ്റ്റർ ഡോസ് അടക്കം നൽകാനുണ്ട്. അങ്ങനെയുള്ളപ്പോഴാണ് വാക്സീൻ ബജറ്റ് വിഹിതം കുറച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് ബജറ്റിൽ കാണാനില്ല. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റിലെ വിഹിതം മാത്രമാണ് ഇത്തവണയും നൽകിയട്ടുള്ളത്. കാർഷിക മേഖല, ഭക്ഷ്യ സബ്സിഡി ഇനങ്ങളിലും മാറ്റി വച്ച തുക കുറവാണ്. സഹകരണ സംഘങ്ങൾക്ക് നികുതി കുറച്ചത് വലിയ കാര്യമല്ലെന്നും നേരത്തെ നികുതി ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related News