സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ

  • 02/02/2022

ദില്ലി: കേരള സർക്കാർ ആസൂത്രണം ചെയ്ത സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് സിൽവർ ലൈൻ പദ്ധതിക്ക് നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോവാണ് പദ്ധതിയിലെ കേന്ദ്രനിലപാട് വ്യക്തമാക്കിയത്. 


സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്. 

കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്നതാണ് സിൽവർ ലൈൻ പദ്ധതി. കേരള റെയിൽ ഡെവലപ്മെൻ്റ കോർപ്പറേഷനാണ് പദ്ധതിയുടെ നോഡൽ ഏജൻസി. ഈ കമ്പനിയിൽ കേരള സർക്കാരിനും റെയിൽവേയ്ക്കും തുല്യപങ്കാളിത്തമാണ്. പദ്ധതിക്കായി സർക്കാർ ഭൂമിയും റെയിൽവേ ഭൂമിയും സ്വകാര്യഭൂമിയും ഉപയോഗിക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേയെ എങ്ങനെ ബാധിക്കും എന്നറിയണം. പദ്ധതിക്ക് അനുബന്ധമായി എത്ര റെയിൽവേ ക്രോസിംഗുകൾ വരുമെന്നും അറിയണം. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് തരണമെന്നും കെ റെയിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Related News