നട്ടപാതിരക്ക് 22 കിലോമീറ്റർ താണ്ടി ചായ കുടിക്കാൻ ഇറങ്ങി യുവാക്കൾ; ഒടുവിൽ ചായ കുടിപ്പിച്ച് പോലീസുകാർ

  • 02/02/2022

പെരിന്തല്‍മണ്ണ: കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനില്‍ കുറച്ച്‌ അതിഥികളെത്തി. പോലീസ് സ്‌റ്റേഷനില്‍ അതിഥികളോ എന്ന് ചോദിക്കാന്‍ വരട്ടെ സ്‌റ്റേഷനിലെത്തിയ അതിഥികളെ വെറും കയ്യോടെയല്ല പോലീസുകാര്‍ മടക്കിയത് നല്ല അസ്സല്‍ ചായ കുടിപ്പിച്ചാണ് പോലീസുകാര്‍ തിരിച്ചയച്ചത്.


പക്ഷേ ചായയിട്ടത് പോലീസുകാരല്ല അതിഥികളായ യുവാക്കളാണെന്ന് മാത്രം.

ഇന്നലെ രാത്രി പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലാണ് രസകരമായ ഈ സംഭവമുണ്ടായത്. അര്‍ധരാത്രി കഴിഞ്ഞ് 'ചായ കുടിക്കാന്‍' ആഞ്ഞിലയില്‍ നിന്ന് 22 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച്‌ പെരിന്തല്‍മണ്ണ ടൗണിലെത്തിയതായിരുന്നു യുവാക്കള്‍. പട്രോളിങ്ങിനിടെ ചായപ്രിയര്‍ പോലീസിന്റെ മുന്നില്‍ ചെന്ന് പെട്ടു. ചായകുടിക്കാന്‍ എത്തിയതാണെന്നറിഞ്ഞതോടെ കയ്യോടെ കൂട്ടികൊണ്ട് പോയി സല്‍ക്കരിക്കുകയായിരുന്നു.

സ്‌റ്റേഷനില്‍ യുവാക്കളെ എത്തിച്ച്‌ ചായപ്പൊടിയും പഞ്ചസാരയും മറ്റും എത്തിച്ചു. ചായ കുടിക്കാന്‍ എത്തിയവരെകൊണ്ട് തന്നെ ചായ ഉണ്ടാക്കി കുടിപ്പിച്ചാണ് പോലീസുകാര്‍ യുവാക്കളെ പറഞ്ഞ് വിട്ടത്. ചായയ്‌ക്ക് പൈസയൊന്നും വേണ്ടന്നും ഇത്രയും ദൂരം താണ്ടി പെരിന്തല്‍മണ്ണയിലെത്തിയവര്‍ക്കുള്ള സ്‌നേഹോപഹാരമാണിതെന്നും എസ്‌ഐ പറഞ്ഞു.

കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ ആവശ്യമില്ലാതെ രാത്രി റോന്ത് ചുറ്റുന്നവര്‍ക്കുള്ള ബോധവല്‍ക്കരണം കൂടിയാണ് സ്‌റ്റേഷനിലെ ചായ ഇടലിന് പിന്നിലെന്ന് എസ്‌ഐ നൗഷാദ് പറഞ്ഞു.

Related News