ദിലീപും കൂട്ടുപ്രതികളും കൈമാറിയ 6 ഫോണുകൾ തിരുവന്തപുരത്തെ ഫോറൻസിക് ലാബിലേക്ക്; ദിലീപിന്റെ പുതിയ ഹർജി ഹൈക്കോടതിയിൽ

  • 03/02/2022

കൊച്ചി: ദിലീപിന്റെ അടക്കം നാല് പ്രതികളുടേതായി ആറ് ഫോണുകൾ തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കാൻ ഉത്തരവ്. ആലുവ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആറ് ഫോണുകളും തിരുവനന്തപുരത്തെ ലാബിൽ പരിശോധിക്കും. അൺലോക്ക് പാറ്റേൺ കോടതിയിൽ പരിശോധിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. 

ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ച് അപേക്ഷയും. ആവശ്യം പരിഗണിച്ച ആലുവ മജിസ്‌ട്രേറ്റ്, ഫോണുകൾ തുറക്കുന്നതിന് അതിൻറെ പാറ്റേൺ ഹാജരാക്കാൻ പ്രതിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിൻറെയും കൂട്ടുപ്രതികളുടെയും അഭിഭാഷകർ ആറു ഫോണുകളുടെയും പാറ്റേൺ ഉച്ചയ്ക്കുശേഷം കൈമാറി. മുദ്രവെച്ച കവറിലുളള ഫോണുകൾ തുറന്ന് പ്രതിഭാഗം കൈമാറിയ അതിൻറെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം ലാബിലേക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു, ഈ ആവശ്യം തള്ളി. 

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News