നൊമ്പരമായി വളർത്തുനായയുടെ വിയോഗം; ആചാരപ്രകാരം ചിതയൊരുക്കി അന്ത്യവിശ്രമം

  • 03/02/2022

ചേർത്തല: അരുമയായി വളർത്തിയ നായയുടെ വിയോഗം ഈ കുടുംബത്തെയൊന്നാകെ സങ്കടത്തിലാക്കിയിരിക്കുകയാണ്. ചേർത്തല മാടക്കലിൽ  വാടകക്ക് താമസിക്കുന്ന രമ പൈയുടെ വളർത്തുനായയാണ് കഴിഞ്ഞ ദിവസം ഇവരെ വിട്ടുപോയത്. ലാബ്രഡോർ ഇനത്തിൽ പെട്ട ഡാനി എന്ന നായയെ കുടുംബാം ഗത്തെപ്പോലെയാണ് ഇവർ കരുതിയിരുന്നത്. വീട്ടുവളപ്പിൽ ആചാരപ്രകാരം അന്ത്യവിശ്രമമൊരുക്കിയാണ് പ്രിയപ്പെട്ട നായയ്ക്ക് ഇവർ യാത്രാമൊഴി നൽകിയത്. 

ചിതയൊരുക്കാൻ നാട്ടുകാരും ഒപ്പം ചേർന്നു. 13 വയസ്സുണ്ടായിരുന്നു ഡാനിക്ക്. ഏഴ് മാസം മുമ്പാണ് പൂനയിൽ നിന്ന് ഡാനിയെ ചേർത്തലയിലെത്തിച്ചത്.  നായയുടെ വിയോഗം ഈ കുടുംബത്തെ അക്ഷരാർത്ഥത്തിൽ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ഭക്ഷണകാര്യത്തിൽ പ്രത്യേകതകളുള്ള വളർത്തു നായയായിരുന്നു ഡാനി.  മുട്ടയൊഴികെ മറ്റ് മാംസാഹാരങ്ങളൊന്നും കഴിക്കുമായിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു.  ചേർത്തലയിലെ വാടക വീടിനടുത്ത് പുതുതായി  വാങ്ങിയ പുരയിടത്തിൽ  ചിതയൊരുക്കിയാണ് സംസ്‌ക്കാര ചടങ്ങ്. 

ഒരു മാസം പ്രായമുള്ളപ്പോൾ എത്തിയ ഡാനി തങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഡാനിയ്ക്ക് ഉചിതമായ സ്മാരകം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് രമ പൈയും കുടുംബവും.

Related News