ഹജ്ജിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു; പ്രായപരിധിയില്ല, ഇൻഷുറൻസ് തുക കുറച്ചു

  • 12/01/2023




റിയാദ്: ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് നിരവധി തീരുമാനങ്ങൾ സൗദി ഹജ്ജ് - ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഹജ്ജ് തിരികെ പോവുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഓരോ രാജ്യത്തിനും മുമ്പുണ്ടായിരുന്ന തീർഥാടകരുടെ എണ്ണം പുനഃസ്ഥാപിച്ചു. 

കഴിഞ്ഞ മൂന്ന് വർഷവും തീർത്ഥാടകർക്ക് നിശ്ചയിച്ചിരുന്ന 65 വയസ് എന്ന പ്രായപരിധി ഒഴിവാക്കി. ഏത് പ്രായക്കാർക്കും ഇനി ഹജ്ജ് നിര്‍വഹിക്കാം. ‘ഹജ്ജ് എക്സ്പോ’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹജ്ജ് തീർഥാടകരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി തുക 109 റിയാലിൽ നിന്ന് 29 റിയാലായും ഉംറ തീർഥാടകരുടെ ഇൻഷുറൻസ് പോളിസി 235 റിയാലിൽ നിന്ന് 88 റിയാലായും കുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടി. ഉംറ വിസയിലെത്തുന്നയാൾക്ക് രാജ്യത്തെ ഏത് നഗരവും സന്ദർശിക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള വിസയുമായി സൗദിയിലെത്തുന്ന ഏതൊരു സന്ദർശകനും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും ഇപ്പോൾ അവസരമുണ്ട്. ഈ വർഷം മുതൽ ഏത് രാജ്യത്തെയും ഹജ്ജ് മിഷൻ ഓഫീസുകൾക്ക്, തങ്ങളുടെ തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സൗദിയിലെ ഏതെങ്കിലും ലൈസൻസുള്ള കമ്പനികളുമായി കരാറിൽ ഏർപ്പെടാൻ അനുവദിക്കും. 

Related News