ചരിത്രം: ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയെ അയയ്ക്കാനൊരുങ്ങി സൗദി

  • 14/02/2023



റി‌യാദ്: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സൗ​ദി അറേബ്യ. തങ്ങളുടെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയെ ഈ വർഷം അവസാനം ബഹിരാകാശ ദൗത്യത്തിന് അയയ്‌ക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. റ‌യ്യാന ബർണവിയെയാണ് സൗദി ദൗത്യത്തിന് അയയ്ക്കുന്നത്. 

2023 ന്റെ രണ്ടാം പാദത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുരുഷ ബഹിരാകാശ സഞ്ചാരി അലി അൽ-ഖർനിക്കൊപ്പമാണ് റയ്യാന ബർണവിയെയും ദൗത്യത്തിന് അയക്കുകയെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജൻസി ഞായറാഴ്ച അറിയിച്ചു. ബഹിരാകാശയാത്രികർ AX-2 ബഹിരാകാശ ദൗത്യ സംഘത്തിനൊപ്പം ചേരുമെന്നും ബഹിരാകാശ വിമാനം യുഎസ്എയിൽ നിന്ന് വിക്ഷേപിക്കുമെന്നും ഏജൻസി അറിയിച്ചു.

2019-ൽ ‌യുഎഇയും ബഹിരാകാശത്തേക്ക് ആളെ അയച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് സൗദിയുടെയും തീരുമാനം. യുഎഇ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരി എട്ട് ദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചത്. സുൽത്താൻ അൽ-നെയാദിയും ഈ മാസം അവസാനം ബഹിരാകാശ ‌യാത്ര നടത്തും. ആറുമാസത്തെ യാത്രക്കാണ് സ്പേസ് സുൽത്താൻ എന്നുവിളിപ്പേരുള്ള നെയ്യാദി ഒരുങ്ങുന്നത്.

സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്‌കാരങ്ങളുടെ ഭാ​ഗമായാണ് ബഹിരാകാശ യാത്ര. 2017-ൽ അദ്ദേഹം അധികാരത്തിൽ വന്ന ശേഷം, പുരുഷ രക്ഷിതാവില്ലാതെ സ്ത്രീകൾക്ക് വാഹനമോടിക്കാനും വിദേശയാത്ര ചെയ്യാനും അനുവാദം നൽകിയിരുന്നു. കൂടാതെ തൊഴിൽ ശക്തിയിലെ സ്ത്രീകളുടെ അനുപാതം 17 ശതമാനത്തിൽ നിന്ന് 37 ശതമാനമായി വർദ്ധിച്ചു. 1985 ൽ, സൗദി രാജകുമാരൻ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് യുഎസ് സംഘടിപ്പിച്ച ബഹിരാകാശ ദൗത്യത്തിൽ പങ്കെടുത്ത് ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ അറബ് മുസ്ലീമായി മാറി. 

Related News