മരുന്നു കമ്പനികൾ നൽകുന്ന സാംപിളുകളും സമ്മാനങ്ങളും സ്വീകരിക്കരുത്; കർശന നിർദേശവുമായി സൗദി

  • 10/03/2023



റിയാദ്:∙ മരുന്നു കമ്പനികൾ നൽകുന്ന സൗജന്യ സാംപിളുകളും സമ്മാനങ്ങളും സ്വീകരിക്കരുതെന്ന് ഡോക്ടർമാർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം. സൗദി നാഷനൽ സെന്റർ ഫോർ മെന്റൽ ഹെൽത്ത് പ്രൊമോഷന്റെ പ്രഫഷണൽ ആൻഡ് എത്തിക്കൽ പ്രാക്ടീസ് കമ്മിറ്റിയാണ് കർശന നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ആരോഗ്യ വിദഗ്ധരും മരുന്നു കമ്പനികളുടെ പ്രതിനിധികളും തമ്മിലുള്ള ബന്ധം എത്ര വലുതാണെങ്കിലും അവരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് ന്യായീകരിക്കാനാവില്ലെന്നും സമിതി വ്യക്തമാക്കി.

മരുന്നു കമ്പനികളുടെ പ്രതിനിധികളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്നത് എല്ലാവരും ഉടൻ നിർത്തണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. മരുന്നു കമ്പനികളുമായി ഇടപെടുമ്പോൾ ആരോഗ്യ സ്ഥാപനങ്ങൾ പാലിക്കേണ്ട പ്രൊഫഷണൽ നിയന്ത്രണങ്ങളും കമ്മിറ്റി വിശദീകരിച്ചു. ആശുപത്രി അധികൃതർ സ്ഥാപനങ്ങളുടെ വിവിധ വകുപ്പുകളിലും മേഖലകളിലും പ്രവേശിക്കുന്നത് തടയണം. മരുന്നു കമ്പനികളുടെ പ്രതിനിധികൾ സമ്മാനങ്ങളും മറ്റും വിതരണം ചെയ്യുന്നത് തടയാൻ ആരോഗ്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരായിരിക്കും.

മരുന്ന് കമ്പനികൾ നൽകുന്ന മരുന്നുകളുടെ സാമ്പിളുകൾ സൗജന്യമായി ഹാജരാക്കാൻ ആശുപത്രികൾക്കും മറ്റും സൗകര്യം ഒരുക്കരുത്. ഇത്തരം പ്രവണതകൾ ആരോഗ്യ സ്ഥാപനങ്ങൾ തടയണം. പുതിയ കമ്പനിയുടെ മരുന്നുകൾ ആരോഗ്യ സ്ഥാപനങ്ങളുടെ ഫാർമസിയിൽ വിൽക്കുന്നതിന് മുമ്പ് സ്വതന്ത്ര സമിതിയുടെ അനുമതി വാങ്ങണം. ആർക്കും പ്രത്യേക താൽപര്യങ്ങൾ പാടില്ലെന്ന നിബന്ധനയും ഇതിലുണ്ട്. വിവിധ മരുന്നു കമ്പനികളിൽ നിന്നും മെഡിക്കൽ വ്യവസായങ്ങളിൽ നിന്നും ഏതെങ്കിലും പ്രത്യേക അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുന്നതിനും വിലക്കുണ്ട്.

Related News