സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ തടസ്സം: പാസ്‌പോർട്ടുകൾ തിരിച്ചയക്കുന്നതായി റിപ്പോർട്ട്

  • 10/03/2023



ജിദ്ദ: സൗദി അറേബ്യയിലേക്ക് ഫാമിലി വിസ അടക്കമുള്ള വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ താൽകാലിക പ്രതിസന്ധി നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേതുടർന്ന് വിസ സ്റ്റാമ്പിങ്ങിനായി സമർപ്പിക്കുന്ന ചില പാസ്‌പോർട്ടുകൾ കാരണം ബോധിപ്പിക്കാതെ തിരിച്ചയക്കുന്നതായി ട്രാവൽ ഏജന്റുമാർ സൗദിയിലെ മലയാള ദിനപത്രമായ മലയാളം ന്യൂസിനോട് പറഞ്ഞു. ഈ പാസ്‌പോർട്ടുകൾ പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും സമർപ്പിക്കാനാണ് കോൺസുലേറ്റ് അധികൃതർ നിർദ്ദേശിക്കുന്നത്.

നിലവിൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ മാത്രമാണ് ഈ പ്രതിസന്ധിയുള്ളത്. തിരിച്ചയക്കുന്ന പാസ്‌പോർട്ടുകളിൽ പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും സമർപ്പിക്കുക എന്ന നിർദ്ദേശം എഴുതി നൽകുന്നുണ്ട്. ഒരു കുടുംബത്തിന്റെ തന്നെ നാലും അഞ്ചും പാസ്‌പോർട്ടുകൾ ഒന്നിച്ചു സമർപ്പിക്കുമ്പോൾ അതിൽ ചിലത് മാത്രമാണ് തിരിച്ചയക്കുന്നത്. അതേസമയം, വിസ സ്റ്റാംപ് ചെയ്യാതിരിക്കാനുള്ള കാരണം ഔദ്യോഗികമായി അറിയിക്കുന്നുമില്ല. ഓൺലൈനിൽ വിസ അടിക്കുന്നുണ്ടെങ്കിലും പാസ്‌പോർട്ടിൽ ഫിസിക്കലി സ്റ്റാപ് ചെയ്യുന്നില്ല. ഈയടുത്ത ദിവസങ്ങളിലാണ് ഈ പ്രതിസന്ധിയുണ്ടായത്.

മലയാളികൾ അടക്കമുള്ള കുടുംബങ്ങൾക്ക് വൻ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വിമാന ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്താണ് പലരും വിസ സ്റ്റാംപ് ചെയ്യാൻ സമർപ്പിക്കുന്നത്. പിന്നീട് മാറ്റാനോ റദ്ദാക്കാനോ പറ്റാത്ത ടിക്കറ്റുകളാണ് പലരും എടുക്കുന്നത്. എന്തെങ്കിലും കാരണവശാൽ വിസ സ്റ്റാംപ് ചെയ്യാനാകാതെ വന്നാൽ ടിക്കറ്റ് നൽകിയ പണം നഷ്ടപ്പെടുന്ന അവസ്ഥയാണ്. 

കേരളത്തിൽ സ്‌കൂൾ അവധി തുടങ്ങുന്നതിനാൽ നിരവധി പേരാണ് വിസിറ്റ് വിസയിൽ സൗദിയിലേക്ക് വരാൻ ഒരുങ്ങി നിൽക്കുന്നത്. വിസ നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെ കൂടുതൽ ആളുകൾ എത്താനും തുടങ്ങി. എന്നാൽ അപ്രതീക്ഷിതമായ പ്രതിസന്ധി മലയാളികൾ അടക്കമുള്ളവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related News