കാണ്ടാമൃഗങ്ങളുടെ എണ്ണം കൂട്ടാൻ റൈനോ ടാസ്ക് ഫോഴ്സിന് നേതൃത്വം നല്‍കി ബിഹാര്‍

  • 06/08/2023

പട്ന: വെസ്റ്റ് ചമ്ബാരനിലെ വാത്മീകി കടുവാ സങ്കേതത്തില്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം കൂട്ടാൻ റൈനോ ടാസ്ക് ഫോഴ്സിന് നേതൃത്വം നല്‍കി ബിഹാര്‍. കാണ്ടാമൃഗങ്ങളുടെ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ വാത്മീകി കടുവാ സങ്കേതത്തില്‍ ഒരു കാണ്ടാമൃഗവും പട്ന മൃഗശാലയില്‍ 14 കാണ്ടാമൃഗങ്ങളുമാണുള്ളത്. കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രാബല്യത്തില്‍ വന്ന റൈനോ ടാസ്ക് ഫോഴ്സ് പ്രാവര്‍ത്തികമാകുന്നതോടെ വാത്മീകി ടൈഗര്‍ റിസര്‍വില്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം കൂടുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.


നാഷണല്‍ റൈനോ കണ്‍സര്‍വേഷൻ സ്ട്രാറ്റജി പ്രകാരം രാജ്യത്ത് കാണ്ടാമൃഗങ്ങളെ അവതരിപ്പിക്കാൻ അനുയോജ്യമായ പ്രദേശങ്ങളിലൊന്നാണ് വാത്മീകി ടൈഗര്‍ റിസര്‍വ്. വാത്മീകി ടൈഗര്‍ റിസര്‍വിലെ ആവാസവ്യവസ്ഥയും മറ്റും പരിശോധിക്കാൻ രണ്ടുവര്‍ഷം മുമ്ബ് ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണ് റൈനോ ടാസ്ക് ഫോഴ്സിന് രൂപീകൃതമായത്.

909.86 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വാത്മീകി കടുവ സങ്കേതത്തിലെ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലാകും കാണ്ടാമൃഗങ്ങളെ അവതരിപ്പിക്കുക. ബിഹാറിലെ ഒരേ ഒരു ദേശീയോദ്യാനം കൂടിയാണ് വാത്മീകി ടൈഗര്‍ റിസര്‍വ്. നാല് വര്‍ഷത്തിനിടെ കടുവകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2018 കടുവ സങ്കേതത്തിലെ കടുവകളുടെ എണ്ണം 31-ല്‍ നിന്ന് 2022-ല്‍ 54-ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ലോകത്താകെയുള്ള ഒറ്റക്കൊമ്ബൻ കാണ്ടാമൃഗങ്ങളുടെ 75 ശതമാനവും കാണപ്പെടുന്നത് ഇന്ത്യയിലാണ്. ഇന്ത്യൻ റൈനോകളുടെ 93 ശതമാനത്തിലധികം കാണപ്പെടുന്നതാകട്ടെ അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിലും.

Related News